കൃഷിഭവനിലെ ഫയൽമോഷണം: അന്വേഷണം എങ്ങുമെത്തിയില്ല
1450661
Thursday, September 5, 2024 1:56 AM IST
ഷൊർണൂർ: നഗരസഭയിലെ കൃഷിഭവനിൽ നിന്ന് ഫയൽ മോഷ്ടിച്ച കേസിൽ പ്രതിക്ക് ക്വട്ടേഷൻ നൽകിയതാരാണെന്ന് കണ്ടെത്താനാകാതെ പോലീസ് വലയുന്നു. കൃഷിവകുപ്പിലെ തന്നെ ചില ഉദ്യോഗസ്ഥരെ കേസിൽ സംശയിക്കുന്നുണ്ടെങ്കിലും തെളിവില്ലാത്ത സ്ഥിതിയാണ്. അറസ്റ്റിലായ പൂവരണി ജോയിക്ക് ക്വട്ടേഷൻ നൽകിയവരെ കുറിച്ചും കൃഷി വകുപ്പിലെ വിവരങ്ങൾ കൈമാറിയവരെക്കുറിച്ചുമുള്ള അന്വേഷണം തുടർന്നുവരികയാണന്നാണ് പോലീസ് ഭാഷ്യം.
വൈകാതെ അറസ്റ്റ് ഉണ്ടാകുമെന്നും ഇവർ പറയുന്നു. അഴിമതി ആരോപണവുമായി ബന്ധപ്പെട്ട ഫയൽ മോഷ്ടിക്കാൻ ക്വട്ടേഷൻ നൽകിയിരുന്നെന്ന് അറസ്റ്റിലായ പൂവരണി ജോയി പോലീസിന് മൊഴി നൽകിയിട്ടുണ്ട്. ജൂലൈ 29നാണ് കൃഷി ഓഫീസിൽ സൂക്ഷിച്ചിരുന്ന ഫയലുകൾ മോഷണം പോയത്. ആദ്യഘട്ടത്തിൽ ഒന്നും നഷ്ടപ്പെട്ടിട്ടില്ല എന്നായിരുന്നു കൃഷി വകുപ്പ് അധികൃതർ പറഞ്ഞത്.
എന്നാൽ ഓഫീസിൽ സൂക്ഷിച്ചിരുന്ന ഓണച്ചന്തയുടെ ഫയലിന്റെ പകർപ്പ് നഷ്ടപ്പെട്ടെന്നു കാണിച്ച് കൃഷി ഓഫിസർ കഴിഞ്ഞ ദിവസം റിപ്പോർട്ട് സമർപ്പിച്ചിരുന്നു. 2020-21 വർഷത്തിൽ കൃഷിഭവൻ നടത്തിയ ഓണച്ചന്തയുടെ നടത്തിപ്പിനെക്കുറിച്ച് വിജിലൻസും അന്വേഷിക്കുന്നുണ്ട്. അന്വേഷണത്തിനിടയിലാണ് ഫയൽ മോഷണം പോകുന്നത്. ഓണച്ചന്തയുടെ കണക്കിൽ വരവും ചെലവും ഒരുപോലെയെന്ന് കാണിച്ച് പാടശേഖര ഏകോപന സമിതിയാണ് വിജിലൻസിന് പരാതി നൽകിയത്. സംഭവത്തിന് ശേഷം പോലീസ് നടത്തിയ പരിശോധനയിൽ മോഷണം നടത്തുന്നതിന് കൃഷി വകുപ്പിന്റെ പൂട്ടു പൊളിക്കാൻ ഉപയോഗിച്ച ആയുധങ്ങളും നഗരസഭ കെട്ടിടത്തിൽ നിന്ന് കണ്ടെത്തിയിരുന്നു.
കൃഷി ഭവനിൽ നിന്ന് ഫയൽ മോഷണ ക്വട്ടേഷൻ ഏറ്റെടുത്തത് 5000 രൂപയ്ക്കെന്നാണ് അറസ്റ്റിലായ പൂവരണി ജോയിയുടെ മൊഴി. ഷൊർണൂർ ജംഗ്ഷൻ റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്നാണ് ചിലർ തന്നെ ക്വട്ടേഷൻ ഏൽപ്പിച്ചതെന്നും ജോയി മൊഴി നൽകി. ഇത് പോലീസ് പൂർണമായി വിശ്വാസത്തിലെടുത്തിട്ടില്ല. ജോയ് കുപ്രസിദ്ധ മോഷ്ടാവാണെന്ന് വ്യക്തമായി ബോധ്യമുള്ളവരാണ് ക്വട്ടേഷന് പിന്നിൽ എന്ന് പോലീസ് ഉറച്ച് വിശ്വസിക്കുന്നു. ഇതിന്റെ ചുരുൾ അഴിക്കാനാണ് പോലീസിന്റെ തീവ്രശ്രമം. ഷൊർണൂർ ഡിവൈഎസ്പി ആർ. മനോജ് കുമാർ, ഇൻസ്പെക്ടർ വി. രവികുമാർ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.