മേയാൻ വിട്ട പശുവിനുനേരെ പുലിയുടെ ആക്രമണം
1443194
Friday, August 9, 2024 1:54 AM IST
നെന്മാറ: നെല്ലിയാമ്പതി മട്ടത്തുപാടിയിൽ പശുവിനെ പുലി ആക്രമിച്ചു. പാടികളിലെ പശുക്കളെ മേയാൻ വിട്ട മിന്നാംപാറക്കടുത്തുള്ള തേയിലത്തോട്ടത്തിനു അരികിൽ നിന്നാണ് പുലി പശുവിനെ ആക്രമിച്ചത്.
ഇന്നലെ ഉച്ചയ്ക്കു പന്ത്രണ്ടോടെയാണ് സംഭവം. തേയിലച്ചെടികൾക്കുസമീപം പതുങ്ങിയിരുന്ന പുലി പശുവിനെ ആക്രമിക്കുകയായിരുന്നു.
വിവിധ പാടികളിലെ പശുക്കളെ ഒന്നിച്ചു കൊണ്ടുപോയി മേയ്ക്കുന്ന അയ്യാവ് എന്നയാളാണു സംഭവം കണ്ടത്. ഇയാൾ ഒച്ചവച്ചതിനെ തുടർന്നാണ് പുലി ഓടിമറഞ്ഞു.
പശുവിന്റെ പിൻകാലിലും മുതുകിലും കഴുത്തിലും ആഴത്തിലുള്ള മുറിവേറ്റു. ചന്ദ്രമല എസ്റ്റേറ്റ് മട്ടത്തുപാടിയിലെ ലീല-ദിവാകരൻ ദമ്പതികളുടെ രണ്ടു പശുക്കളിൽ കറവയുള്ള ഒന്നിനെയായിരുന്നു പുലി പിടിച്ചത്.
ഉച്ചയ്ക്കു ഒരു മണിയോടെ ഉടമയെത്തി വനപാലകരെ വിവരം അറിയിച്ചു. വനപാലകരും മൃഗഡോക്ടറും സ്ഥലത്തെത്തി പരിശോധന നടത്തി പശുവിനു ചികിത്സ നൽകി.
പ്രദേശത്തെ പാടികളിൽ വളർത്തുന്ന പശുക്കിടാങ്ങളെയും നായ്ക്കളെയും കോഴികളെയും പകൽസമയത്തു കാണാതാവുന്നതും നിത്യസംഭവമാണെന്നു പ്രദേശവാസികൾ പറഞ്ഞു. ഇവയെ പുലിതന്നെയാണ് പിടികൂടുന്നതെന്നും നാട്ടുകാർ പറയുന്നു.
പട്ടാപ്പകൽ പുലിയിറങ്ങിയതോടെ പാടികളിലുള്ള വയോധികരും കുട്ടികളുടമക്കം എല്ലാവരും ഭീതിയിലാണ്. പാടികൾക്കുസമീപം കൂടുസ്ഥാപിച്ച് പുലിയെ പിടികൂടി ഉൾവനത്തിൽ കൊണ്ടുവിടണമെന്നു വനം അധികൃതരോട് പ്രദേശവാസികൾ ആവശ്യപ്പെട്ടു.
പുലിയെ കൂടാതെ രാപകൽഭേദമന്യേ കാട്ടാനയും താമസക്കാർക്ക് ഭീഷണിയാണ്.