സംസ്ഥാന അമച്വർ ബോക്സിംഗ് ചാമ്പ്യൻഷിപ്പ്: റിക്കാർഡ് പങ്കാളിത്തം
1443191
Friday, August 9, 2024 1:54 AM IST
വടക്കഞ്ചേരി: ജില്ലയിൽ ആദ്യമായി സംഘടിപ്പിച്ചിട്ടുള്ള സംസ്ഥാന അമച്വർ ബോക്സിംഗ് ചാമ്പ്യൻഷിപ്പിനു റിക്കാർഡ് പങ്കാളിത്തവും സംഘാടകമികവുമുണ്ടെന്നു ദ്രോണാചാര്യ അവാർഡ് ജേതാവും ഇന്ത്യൻ ബോക്സിംഗ് കോച്ചുമായ ഡോ.ഡി. ചന്ദ്രലാൽ. ദീപികയ്ക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണു ഇദ്ദേഹം സംഘാടകമികവിനെ പ്രകീർത്തിച്ചത്.
മുടപ്പല്ലൂരിൽ ചാമ്പ്യൻഷിപ്പിനു മേൽനോട്ടം വഹിക്കാനെത്തിയതാണ് ഡോ. ചന്ദ്രലാൽ. സംസ്ഥാന അമച്വർ ബോക്സിംഗ് എക്സിക്യുട്ടീവ് അംഗം വി. സി. നിഖിൽ കൺവീനറായുള്ള സംഘാടകസമിതി സംഘാടകമികവിലും മുന്നിലാണ്.
മുൻ ചാമ്പ്യൻഷിപ്പുകൾ പലതും ചടങ്ങുപോലെയാണ് സംഘടിപ്പിച്ചിരുന്നത്. എന്നാൽ അതിൽനിന്നെല്ലാം വലിയ മുന്നേറ്റം ബോക്സിംഗ് മത്സരങ്ങൾക്കു കൈവരുന്നതിൽ വലിയ സന്തോഷമുണ്ടെന്നു ഡോ. ചന്ദ്രലാൽ പറഞ്ഞു.
ജൂണിയർ, യൂത്ത് വിഭാഗങ്ങളിലായി 141 പെൺകുട്ടികളും 349 ആൺകുട്ടികളുമാണു ചാമ്പ്യൻഷിപ്പിൽ മാറ്റുരയ്ക്കുന്നത്. അഞ്ചുദിവസത്തിനകം പൂർത്തിയാക്കാൻ ഇടവേളകളില്ലാതെയാണു മത്സരങ്ങൾ പുരോഗമിക്കുന്നത്.
താരങ്ങളുടെ എണ്ണക്കൂടുതൽ ബോക്സിംഗ് ചാമ്പ്യൻഷിപ്പുകൾക്കു വലിയ ഉണർവുണ്ടാക്കും. ഇന്റർനാഷണൽ സ്റ്റാൻഡേർഡ് റിംഗാണ് മത്സരത്തിനു സജ്ജമാക്കിയിട്ടുള്ളത്. ജൂണിയർ പെൺകുട്ടികളുടെ പ്രാഥമികഘട്ടം മത്സരങ്ങൾതന്നെ നല്ല നിലവാരം പുലർത്തുന്നതായി അദേഹം ചൂണ്ടിക്കാട്ടി.
ഇതിനാൽ തുടർന്നുവരുന്ന ക്വാർട്ടറും സെമിയും ഫൈനലുമെല്ലാം തീപാറുന്ന പോരാട്ടങ്ങളുടേതാകും. പതിനൊന്നിനാണ് മത്സരങ്ങൾ സമാപിക്കുന്നത്. മത്സരവിജയികൾക്കുള്ള മെഡലുകളും സർട്ടിഫിക്കറ്റുകളും റെഡിയായിട്ടുണ്ട്.
മുമ്പൊക്കെ ചാമ്പ്യൻഷിപ്പ് കഴിഞ്ഞു ദിവസങ്ങൾക്കുശേഷമാണ് ഇതെല്ലാം വിജയികൾക്കു നൽകിയിരുന്നത്.
ആൺകുട്ടികൾക്കൊപ്പം പെൺകുട്ടികളും കൂടുതലായി ബോക്സിംഗ് രംഗത്തേക്കു കടന്നുവരുന്നുണ്ടെന്നും ചന്ദ്രലാൽ കൂട്ടിച്ചേർത്തു.