അനങ്ങൻമലയിലെ ക്വാറിക്കെതിരെ സമരവുമായി സ്കൂൾവിദ്യാർഥികൾ
1442898
Thursday, August 8, 2024 1:51 AM IST
ഒറ്റപ്പാലം: അനങ്ങൻമല ക്വാറിക്കെതിരേ വരോട് സ്കൂളിലെ വിദ്യാർഥികളും അധ്യാപകരും പ്രക്ഷോഭത്തിന്. വയനാട്ടിലെ ഉരുൾപൊട്ടൽ ദൃശ്യങ്ങളും വെള്ളാർമല സ്കൂളിന്റെ അവസ്ഥയും കണ്ടതോടെയാണ് വരോട് സ്കൂളുകളിലെ കുട്ടികളടക്കമുള്ളവർ സമരരംഗത്തിറങ്ങുന്നത്. വിദ്യാർഥികളുടെ രക്ഷകർത്താക്കളും അധ്യാപകരുമെല്ലാം ക്വാറിയുടെ പ്രവർത്തനത്തിൽ കടുത്ത ഭീതിയിലാണ്.
ഇടയ്ക്കിടെ അനങ്ങൻമലയിലെ ക്വാറിയിൽനിന്ന് പാറപൊട്ടിക്കുന്ന ശബ്ദം കേൾക്കാറുള്ളതാണ് കുട്ടികളുടെ ഭീതിയുടെ അടിസ്ഥാനമെന്ന് അധ്യാപകർ പറയുന്നു. അവർ ഇതു പിടിഎ യിൽ അവതരിപ്പിച്ചു. അനങ്ങൻമലയിലെ ക്വാറികൾക്കെതിരേ പ്രതിഷേധമുയർത്താൻ വരോട്ടെ സ്കൂളുകളെല്ലാം രംഗത്തുവരികയാണ്.
വരോട് കെപിഎസ്എംഎം വിഎച്ച്എസ്എസ്, വരോട് എയുപി സ്കൂൾ, വരോട് എംഎൽപി സ്കൂൾ എന്നിവിടങ്ങളിലെ വിദ്യാർഥികളും അധ്യാപകരും ജീവനക്കാരുമാണ് അനങ്ങൻമലയെ രക്ഷിക്കാൻ മുന്നിട്ടിറങ്ങുന്നത്. ക്വിറ്റ് ഇന്ത്യ ദിനമായ ഒന്പതിന് ഉപവാസമനുഷ്ഠിക്കാനാണ് ഇവരുടെ തീരുമാനം. ‘ക്വിറ്റ് അനങ്ങൻമല, സേവ് അനങ്ങൻ മല, സേവ് അസ്’ എന്ന മുദ്രാവാക്യമുയർത്തിയാണ് ഉപവാസം. രാവിലെ 9.30ന് പരിസ്ഥിതിപ്രവർത്തകൻ യു. അയ്യപ്പൻ ഉപവാസം ഉദ്ഘാടനം ചെയ്യും.
ഉപവാസത്തിൽ പങ്കെടുക്കാൻ ഒറ്റപ്പാലത്തെ മറ്റു സ്കൂളുകളിലെ പിടിഎ കളുമായി ചർച്ച നടത്താനും തീരുമാനിച്ചിട്ടുണ്ടെന്നു കെപിഎസ്എംഎം വിഎച്ച്എസ്എസ് പ്രധാനാധ്യാപകൻ എസ്.ആർ. പ്രകാശ്, പിടിഎ പ്രസിഡന്റ് ടി. സബിത, എയുപി സ്കൂൾ പിടിഎ പ്രസിഡന്റ് ടി. കബീർ എന്നിവർ പറഞ്ഞു. 15ന് കൂടുതൽ വിദ്യാർഥികളെ ഉൾപ്പെടുത്തി പ്രതിഷേധ വിദ്യാർഥിശൃംഖല തീർക്കാനും ഇവർ തീരുമാനിച്ചു. ഉപവാസത്തിനു മുന്നോടിയായി കഴിഞ്ഞദിവസം കെപിഎസ്എംഎം വിഎച്ച്എസ് സ്കൂളിലെ 250-ഓളം വിദ്യാർഥികൾ ഒപ്പിട്ട പരാതി കളക്ടർക്കു നൽകിയിരുന്നു.
നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ആയിരം കത്തുകളയക്കാനും ഇവർക്ക് പദ്ധതിയുണ്ട്. വിദ്യാർഥികളുടെ ആശങ്കയകറ്റാൻ ബോധവത്കരണം നടത്തുമെന്നും സ്കൂൾ പ്രതിനിധികൾ പറഞ്ഞു.