ദേശീയപാത നിർമാണ കമ്പനിയുടെ ചുവട്ടുപാടത്തെ പാറപൊട്ടിക്കൽ നാട്ടുകാർ തടഞ്ഞു
1442592
Wednesday, August 7, 2024 1:24 AM IST
വടക്കഞ്ചേരി: ദേശീയപാത നിർമാണത്തിന്റെ മറവിൽ കരാർ കമ്പനി നടത്തുന്ന അനധികൃത പാറ പൊട്ടിക്കൽ നാട്ടുകാർ തടഞ്ഞു. ചുവട്ടുപാടത്ത് ശങ്കരംകണ്ണംതോട്ടിൽ കരാർ കമ്പനിയുടെ ഓഫീസ് പ്രവർത്തിക്കുന്ന പ്രദേശത്താണ് പാറക്കല്ല് ഖനനം നടക്കുന്നത്.
ഉഗ്രസ്ഫോടനത്തോടെ പാറ പൊട്ടിക്കുന്നതു സമീപത്തെ വീടുകൾക്കും അപകട ഭീഷണിയാകുന്നുണ്ടെന്ന് ജോർസി ജോസഫ്, എബി കെ. സേവ്യർ എന്നിവർ പറഞ്ഞു. പരാതി നൽകിയിട്ടും ബന്ധപ്പെട്ട അധികൃതരുടെ ഭാഗത്തുനിന്നും നടപടി ഉണ്ടാകാത്തതിനെതുടർന്നാണ് നാട്ടുകാർ സംഘടിച്ച് പ്രതിഷേധിച്ചത്.
ദേശീയപാതനിർമാണം പൂർത്തിയായി പന്നിയങ്കരയിൽ ടോൾപിരിവ് തുടങ്ങി വർഷങ്ങൾ കഴിഞ്ഞിട്ടും ദേശീയപാത നിർമാണത്തിന്റെ പേരുപറഞ്ഞ് പാറ പൊട്ടിക്കലും മണ്ണുകടത്തും ഇവിടെ തുടരുകയാണ്. മണ്ണെടുത്തും പാറപൊട്ടിച്ചും കുന്നിൻ പ്രദേശം ഇപ്പോൾ 20 മീറ്റർ താഴ്ചയുള്ള അപായപ്രദേശമായി മാറി.
പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തുമ്പോൾ പരിശോധനയും റിപ്പോർട്ട് നൽകലും മാത്രമാണ് നടക്കുന്നത്.
ഇതിനുമുമ്പും പലതവണ ഇവിടെ ഇത്തരത്തിൽ അനധികൃത ഖനനം നടക്കുന്നത് നിരോധിച്ചിരുന്നെങ്കിലും നിയമങ്ങൾ കാറ്റിൽ പറത്തി പാറപൊട്ടിക്കൽ ഇപ്പോഴും തുടരുന്ന സ്ഥിതിയാണെന്നാണ് പരാതി.