പ്രതിപക്ഷ നേതാവിനു മലമ്പുഴ ഉദ്യാന എച്ച്ആർ തൊഴിലാളികളുടെ നിവേദനം
1435994
Sunday, July 14, 2024 6:28 AM IST
മലമ്പുഴ: മലമ്പുഴ ഉദ്യാനത്തിലെ 60 വയസ് തികഞ്ഞ എച്ച്ആർ തൊഴിലാളികളെ പിരിച്ചുവിടുന്ന നടപടി പിൻവലിക്കുക, പിഎഫ്, ഇഎസ്ഐ തുടങ്ങിയ ആനുകൂല്യങ്ങൾ നടപ്പിലാക്കുക, മിനിമം കൂലി 750 രൂപ നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച നിവേദനം പ്രതിപക്ഷനേതാവ് വി.ഡി. സതീശന് മലമ്പുഴ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊഴിലാളികൾ നൽകി.
പ്രശ്നങ്ങൾക്ക് ഉടൻ പരിഹാരം കണ്ടെത്താമെന്ന് അദ്ദേഹം തൊഴിലാളികൾക്ക് ഉറപ്പുനൽകി. കടബാധ്യതമൂലം ആത്മഹത്യ ചെയ്ത ആനക്കൽ വിജയന്റെ വീട് സന്ദർശിക്കാൻ പോകുംവഴിയാണ് ഉദ്യാനത്തിനു മുമ്പിൽ കാർ നിർത്തി അദ്ദേഹം തൊഴിലാളികളെ കണ്ടത്. കെപിസിസി ജനറൽ സെക്രട്ടറി സി. ചന്ദ്രൻ, യുഡിഎഫ് നിയോജക മണ്ഡലം ചെയർമാൻ കോയക്കുട്ടി, കൺവീനർ ശിവരാജേഷ്, മലമ്പുഴ മണ്ഡലം പ്രസിഡന്റ് എ. ഷിജു, മുൻമണ്ഡലം പ്രസിഡന്റ് എം.സി. സജീവൻ എന്നിവർ നേതൃത്വം നൽകി.