നെല്ലിയാമ്പതി ഓറഞ്ച് ഫാമിൽ ഡ്രാഗൺ ഫ്രൂട്ടും വിളഞ്ഞു
1435900
Sunday, July 14, 2024 3:50 AM IST
നെല്ലിയാമ്പതി: സർക്കാർ ഓറഞ്ച് ആൻഡ് വെജിറ്റബിൾ ഫാമിൽ പരീക്ഷണാടിസ്ഥാനത്തിൽ ആദ്യമായി ആരംഭിച്ച ഡ്രാഗൺ ഫ്രൂട്ട് വിളവെടുത്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനുമോൾ വിളവെടുപ്പ് ഉദ്ഘാടനം നിർവഹിച്ചു. മലേഷ്യൻ റെഡ് എന്ന ഇനം ഡ്രാഗൺ ഫ്രൂട്ട് ആണ് കൃഷി ചെയ്തത്. 450 തൈകൾ ആണ് 2023 ഏപ്രിൽ മാസത്തിൽ നട്ടത്.
750 ഗ്രാം വരെ തൂക്കം ലഭിക്കുന്നുണ്ട്. ഇവിടുത്തെ പ്രത്യേക കാലാവസ്ഥയിലും ഈ വിദേശി ഇനം പഴവർഗം നല്ല പോലെ വളരുന്നുണ്ട്. രോഗ, കീടബാധകൾ തീരെ കുറവാണ്. ജില്ലാ പഞ്ചായത്ത് അംഗം ആർ. ചന്ദ്രൻ, നെന്മാറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. ലീലാമണി, ബ്ലോക്ക് പഞ്ചായത്ത് മെംബർ ഫാറൂഖ്, ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ എം.എൻ. പ്രദീപൻ, കൃഷി ഡെപ്യൂട്ടി ഡയറക്ടർ അറുമുഖ പ്രസാദ്, ഫാം ജീവനക്കാർ, തൊഴിലാളികൾ സംബന്ധിച്ചു. ഫാം സൂപ്രണ്ട് പി. സാജിദലി ഫാമിന്റെ നിലവിലുള്ള വിവിധ പ്രവർത്തനങ്ങളെ സംബന്ധിച്ച പ്രസന്റേഷൻ നടത്തി.
ഫാമിൽ സന്ദർശകർക്കു ഫീസ് ഏർപ്പെടുത്തി
നെന്മാറ: നെല്ലിയാമ്പതി സർക്കാർ ഓറഞ്ച് ആൻഡ് വെജിറ്റബിൾ ഫാമിലാണ് സന്ദർശക ഫീസ് ഏർപ്പെടുത്തി. മുതിർന്നവർക്ക് 25 രൂപയും കുട്ടികൾക്ക് 10 രൂപയും ആണ് നിരക്ക്. എട്ടു വയസിനു താഴെയുള്ളവർക്ക് പ്രവേശന ഫീസ് ഒഴിവാക്കിയിട്ടുണ്ട്.
കഴിഞ്ഞ ഫെബ്രുവരിയിൽ കൃഷിമന്ത്രിയുടെ നെല്ലിയാമ്പതി ഫാം സന്ദർശനത്തോടനുബന്ധിച്ചാണ് ഉത്തരവ് ഇറങ്ങിയതെങ്കിലും സന്ദർശകർക്ക് സൗകര്യങ്ങൾ ഏർപ്പെടുത്തിയ ശേഷം ഫീസ് പിരിച്ചാൽ മതിയെന്ന് നിർദേശം ഉണ്ടായിരുന്നു. ഇതേ തുടർന്നാണ് സന്ദർശകർക്ക് പ്രവേശന ഫീസ് സ്വീകരിക്കുന്നത് വൈകിയത്.