വണ്ടിത്താവളം സ്റ്റാൻഡിൽ ഡ്രൈവർമാരുടെ കാഴ്ചമറയ്ക്കുന്ന പാഴ്ചെടികൾ നീക്കണം
1435898
Sunday, July 14, 2024 3:50 AM IST
ചിറ്റൂർ: വണ്ടിത്താവളം സ്റ്റാൻഡിൽ നിന്നും കിഴക്കോട്ട് സഞ്ചരിക്കുന്ന ബസ് ഓടിക്കുന്നവർക്ക് കാഴ്ചമറയ്ക്കുന്ന പാഴ്ചെടികൾ നീക്കം ചെയ്യേണ്ടത് അടിയന്തരാവശ്യം. ഈ സ്ഥലത്ത് പട്ടഞ്ചേരി ഗ്രാമപഞ്ചായത്ത് സ്ഥാപിച്ച ബോർഡും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റേണ്ടതുണ്ട്. വണ്ടിത്താവളം ടൗണിലേക്ക് ഇടതുവശം ചേർന്നു വരുന്ന വാഹനങ്ങൾ പലപ്പോഴും സ്റ്റാൻഡിൽ നിന്നും ഇറങ്ങിവരുന്ന ബസിനു മുന്നിൽ അകപ്പെടാറുണ്ട്.
എൽ ആകൃതിയിൽ കുത്തനെയുള്ളതിരിവെന്നതിനാൽ വേഗത കുറച്ച് വരുന്നതിനാലാണ് അപകടങ്ങൾ ഒഴിവാകുന്നത്. 30 ൽപരം ബസുകൾ സ്റ്റാൻഡിൽ കയറിയിറങ്ങുന്നുണ്ട്. അന്തർസംസ്ഥാന പാതയെന്നതിനാൽ ചരക്ക് ലോറികൾ ഉൾപ്പെടെ നിരവധി വാഹനങ്ങൾ രാപ്പകൽ സഞ്ചരിക്കുന്ന പാതയാണിത്.
അപകടം ഒഴിവാകാൻ നടപടി സ്വീ കരിക്കാൻ ബാധ്യതപ്പെട്ട പഞ്ചായത്ത് അധികൃതർ തന്നെ അപകടകെണിയാവും വിധമാണ് ബോർഡ് സ്ഥാപിച്ചിരിക്കുന്നത് .
ഇതുവഴി കാൽനടയാത്രക്കാർക്കു പോലും ബസ് ഇറങ്ങിവരുന്നത് കാഴ്ചമറവായിട്ടുമുണ്ട്. സ്റ്റാൻഡിൽ ഹൈമാസ്റ്റ് ലാമ്പ് സ്ഥാപിക്കണമെന്ന യാത്രക്കാരുടെ ആവശ്യവും ഇതുവരേയും നടപ്പിലാവാതെ നീളുകയാണ്. വൈകുന്നേരമാവുന്നതോടെ സ്ത്രീകൾ ഉൾപ്പെടെ യാത്രക്കാർ സ്റ്റാൻഡിന് എതിർവശത്തുള്ള സ്ഥാപനങ്ങളുടെ വെളിച്ചമുള്ള ഭാഗത്തേക്ക് മാറുകയാണ്.