വിദ്യാവാഹിനി പദ്ധതി: ജോയിന്റ് ഡയറക്ടറുടെ ഉത്തരവ് പിൻവലിക്കണമെന്ന് കെപിഎസ്ടിഎ
1435893
Sunday, July 14, 2024 3:50 AM IST
മണ്ണാർക്കാട്: കോട്ടത്തറ എയ്ഡഡ് എൽപി സ്കൂളിൽ പുതൂർ മേഖലയിൽ നിന്നും അധ്യയനം നേടുന്ന വിദ്യാവാഹിനി പദ്ധതിയിൽ ആനുകൂല്യം ലഭിക്കേണ്ട വിദ്യാർഥികൾക്ക് അത് നിഷേധിച്ചു കൊണ്ട് പട്ടിക വർഗ വികസന വകുപ്പ് ജോയിന്റ് ഡയറക്ടർ ഇറക്കിയ ഉത്തരവ് പിൻവലിക്കണമെന്ന് കെപിഎസ്ടിഎ മണ്ണാർക്കാട് ഉപജില്ലാകമ്മിറ്റി ആവശ്യപ്പെട്ടു.
വർഷങ്ങളായി ഈ മേഖലയിൽ നിന്നും നിരവധി വിദ്യാർഥികളാണ് വിദ്യാലയത്തിലേക്ക് വന്നുകൊണ്ടിരിക്കുന്നത്. എന്നാൽ കഴിഞ്ഞ അധ്യയന വർഷവും ഈ അധ്യയന വർഷവും മേഖലയിലെ വിദ്യാർഥികൾക്ക് ആനുകൂല്യം ലഭിക്കുന്നില്ല. അധികാരികൾ ഉത്തരവ് പിൻവലിച്ച് വിദ്യാർഥികൾക്കുള്ള യാത്രാ ആനുകൂല്യം പുനസ്ഥാപിക്കണമെന്ന് കമ്മിറ്റി ആവശ്യപ്പെട്ടു.
ഉപജില്ലാ പ്രസിഡന്റ് എം. പ്രദീപ് അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം ബിജു ജോസ്, വിദ്യാഭ്യാസജില്ലാ സെക്രട്ടറി യു.കെ. മുഹമ്മദ് ബഷീർ, റവന്യൂജില്ലാ ജോയിന്റ് സെക്രട്ടറി ആർ. ജയമോഹനൻ, റവന്യൂജില്ലാ കൗൺസിലർ ഡോ. എൻ.വി. ജയരാജൻ, ഉപജില്ലാ സെക്രട്ടറി പി.കെ. രാജീവ്, ട്രഷറർ എം. ഷാഹിദ്, ഷിജി തോമസ്, ബിന്ദു പി. ജോസഫ്, ധന്യ പി. സച്ചിൻ എന്നിവർ പ്രസംഗിച്ചു.