തച്ചന്പാറ പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പ്; മൂന്നു മുന്നണികൾക്കും അഭിമാനപ്രശ്നം
1435552
Saturday, July 13, 2024 12:28 AM IST
കല്ലടിക്കോട്: തച്ചമ്പാറ പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പ് ചിത്രം തെളിഞ്ഞതോടെ മൂന്നുമുന്നണികൾക്കും നിലനിൽപ്പിന്റെ പ്രശ്നമായി മാറി. സിപിഐയിൽ നിന്നും രാജിവെച്ച് ബിജെപി യിൽ ചേർന്ന പഞ്ചായത്ത് അംഗം ജോർജ് തച്ചമ്പാറയും ബിജെപിയിൽ നിന്നും സിപിഎമ്മിൽ എത്തിയ പി.ആർ. സന്തോഷും കഴിഞ്ഞ പ്രാവശ്യം മത്സരിച്ച കോൺഗ്രസ് സ്ഥാനാർഥി നൗഷാദ് ബാബുവും ആണ് സ്ഥാനാർഥികൾ.
മൂന്നുപേരും നാമനിർദേശപത്രിക സമർപ്പിച്ചു. അഞ്ചാം വാർഡിലെ സിപിഎം അംഗമായിരുന്ന ജോസഫ് മരിച്ചതിനെത്തുടർന്ന് ഒഴിവു വന്ന വാർഡിലേയ്ക്കാണ് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. 30 നാണ് തെരഞ്ഞെടുപ്പ്. ഇടത്, ബിജെപി സ്ഥാനാർഥികളുടെ പാർട്ടി മാറ്റമാണ് വാർഡിലെ പ്രധാന ചർച്ചാവിഷയം.
ഇടതുമുന്നണിയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് കഴിഞ്ഞ ആഴ്ച ജോർജ് സിപിഐയിൽ നിന്നും രാജിവെച്ച് ബിജെപിയിൽ ചേർന്നിരുന്നു. ഭരണം തുടങ്ങുമ്പോൾ 16 അംഗ പഞ്ചായത്തിൽ 8 സീറ്റുകളാണ് ഇടതുപക്ഷത്തിനുണ്ടായിരുന്നത്.
അഞ്ചാം വാർഡ് മെംബർ ജോസഫിന്റെ മരണവും നാലാം വാർഡ് അംഗം ജോർജ് തച്ചമ്പാറയുടെ രാജിയും ഭരണപക്ഷത്തെ ന്യൂനപക്ഷമാക്കി. നിലവിൽ യുഡിഎഫിന് 7 അംഗങ്ങളാണുള്ളത്. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മുണ്ടമ്പലം വാർഡിൽ കോൺഗ്രസ് ജയിച്ചാലും ബിജെപി ജയിച്ചാലും ഭരണമാറ്റം ഉറപ്പാണ്. സിപിഎം ജയിച്ചാൽ ഇരു മുന്നണികൾക്കും 7 വീതം അംഗങ്ങളാകും ഉണ്ടാകുക. ജോർജ് രാജിവച്ച കോഴിയോട് നാലാം വാർഡിലെ ഉപതെരഞ്ഞെടുപ്പിനെ ആശ്രയിച്ചാകും തുടർഭരണം. ഭരണം അട്ടിമറിക്കാനും നിലനിർത്താനുമുള്ള രാഷ്ട്രീയ പാർട്ടികളുടെ മത്സരവേദിയായിരിക്കുകയാണ് ഉപതെരഞ്ഞെടുപ്പ്.