ഹോട്ടലുകളിൽ പഴകിയ ഭക്ഷണം ചൂടാക്കി വില്പന നടത്തുന്നതായി പരാതി
1435227
Friday, July 12, 2024 12:27 AM IST
ചിറ്റൂർ: താലൂക്കിൽ ഭക്ഷണ ശാലകളിൽ പഴകിയ മാംസവിൽപന നടത്തുന്നതായി വ്യാപക പരാതി. ഇത്തരം മാംസഭക്ഷണം കഴിച്ച പലർക്കും വയറിളക്കം, ശർദ്ദി, വയറുവേദന തുടങ്ങിയവ അനുഭവപ്പെട്ട് ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്. അസുഖം ബാധിച്ചവർ പരാതി നൽകാത്തതാണ് തെറ്റ് ആവർത്തിക്കാൻ ഇടയാക്കുന്നത്.
മുന്തിയ നോട്ടലുകളിലും ഫാസ്റ്റ് ഫുഡ് സ്ഥാപനങ്ങളിലുമാണ് പാകം ചെയ്ത് മിച്ചം വരുന്ന മാംസം ഫ്രീസറിൽ സൂക്ഷിച്ച് രണ്ടാം ദിവസം ചൂടാക്കി നൽകുന്നത്. ആരോഗ്യ വകുപ്പ് ജീവനക്കാർ മഴക്കാല ആരംഭത്തിനു മുന്പായി നാമമാത്രമായി പരിശോധനകൾ നടത്തുകയും പിന്നീട് അത് ഒഴിവാക്കുകയും ചെയ്തു.
പിടികൂടുന്ന സ്ഥാപന ഉടമകളിൽ നിന്നും 1000 രൂപയോ താഴെയോ ആണ് പിഴ ഈടാക്കുന്നത്. ഇത്തരം സംഭവങ്ങൾ കുറ്റകൃത്യം ചെയ്യുന്നവർക്ക് വീണ്ടും ആവർത്തിക്കാൻ പ്രചോദനമാകുന്നുണ്ട്. ചില വ്യാപാരസ്ഥാപന ഉടമകൾക്ക് പരിശോധനാ വിവരം നേരത്തെേ ലഭിക്കുന്നതായും ആക്ഷേപമുണ്ട്. പഴകിയ മാംസവിൽപന നടത്തുന്നവരിൽ നിന്നും ഈടാക്കുന്ന പിഴസംഖ്യ 10,000 ആക്കി ഉയർത്തണമെന്നും ഒരാഴ്ചത്തേക്ക് പ്രവർത്തന അനുമതി തടയണമെന്നും ആവശ്യമുണ്ട്. പുതുനഗരം, കരിപ്പാലി ഉൾപ്പെടെ സ്ഥലങ്ങൾ ചത്ത മൃഗങ്ങളുടെ ഇറച്ചി സൂക്ഷിച്ചത് പുതുനഗരം പോലീസ് പിടികൂടി കേസെടുത്തിരുന്നു.
കരിപ്പാലിക്കു സമീപം ഇരുചക്ര വാഹനത്തിൽ അതിർത്തിക്കപ്പുറത്തു നിന്നും മാംസം കൊണ്ടുവന്നത് നാട്ടുകാർ തടഞ്ഞതിനെ തുടർന്ന് മാംസം റോഡിൽ ഉപേക്ഷിച്ച് രക്ഷപ്പെട്ട സംഭവം നടന്നിരുന്നു. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് എത്തിയ പോലീസ് പിന്നീട് വ്യാപാരിയെ പിടികൂടി റോഡിൽ തള്ളിയ മാംസം എടുപ്പിച്ചിരുന്നു. ഇത്തരത്തിൽ നിയമനടപടികളിൽ അകപ്പെടുന്ന വ്യാപാരികളെ രക്ഷപ്പെടുത്താൽ ചില ഇടനിലക്കാരും പ്രവർത്തിക്കുന്നുണ്ട്.