കാട്ടുപന്നികൾ കൃഷിനാശം തുടരുന്നു; നിസഹായരായി കർഷകരും പഞ്ചായത്തും
1435226
Friday, July 12, 2024 12:27 AM IST
നെന്മാറ: കാർഷിക മേഖലയിൽ കാട്ടുപന്നിശല്യം രൂക്ഷമാകുന്നു. വെടിവെച്ചു കൊല്ലുന്നതിനായി പഞ്ചായത്തുകൾ നടപടി സ്വീകരിക്കുന്നില്ല. നടീൽ കഴിഞ്ഞ നെൽപ്പാടവരമ്പുകളിൽ രാത്രികാലങ്ങളിൽ കൂട്ടമായെത്തി കുത്തിമറിച്ച് നാശം വരുത്തുന്നു. കൃഷിചെയ്ത കിഴങ്ങുവർഗങ്ങൾ കുത്തിമറിച്ച് നാശം വരുത്തിയ നിലയിലാണ്. പാടങ്ങളിൽ നെൽചെടികൾ വളർന്നുവരുന്നതിനു മുമ്പുതന്നെ പാടവരമ്പുകളിലെ മണ്ണിര, വണ്ട്, പുഴുക്കൾ എന്നിവയെ തെരഞ്ഞാണ് കുത്തിമറിക്കുന്നത്. ഇതുമൂലം നെൽപ്പാടങ്ങളിൽ വെള്ളം സംഭരിച്ചു നിർത്താൻ കഴിയാത്ത അവസ്ഥയാണ്.
വളപ്രയോഗം നടത്തിയ പാടങ്ങളിലെ വെള്ളം വാർന്നുപോകുന്നതായും കർഷകർ പറഞ്ഞു. കിഴങ്ങ് വർഗങ്ങൾക്കും പന്നിക്കൂട്ടം വിനയായി മാറിയതോടെ വെടിവെച്ചു കൊല്ലാനുള്ള ആവശ്യം കർഷകർ ഉന്നയിച്ചു തുടങ്ങി. വെടിവെച്ചു കൊല്ലാൻ അനുമതിയുള്ള വനം വകുപ്പിന്റെ പാനലിൽപെട്ട ഷൂട്ടർമാരുടെ തോക്കുകൾ പോലീസ് സ്റ്റേഷനുകളിൽ പൊതുതെരഞ്ഞെടുപ്പ് പ്രമാണിച്ച് സൂക്ഷിച്ചു വെച്ചത് കഴിഞ്ഞയാഴ്ചയിലെ പത്രവാർത്തയെ തുടർന്ന് ഉടമകൾക്ക് മടക്കി നൽകി തുടങ്ങി.
എന്നാൽ ഷൂട്ടർമാർക്ക് കഴിഞ്ഞ രണ്ടു വർഷമായി രാത്രികാലങ്ങളിൽ വിവിധ കൃഷിയിടങ്ങളിൽ പോകാനുള്ള യാത്രാചെലവോ വെടിയുതിർത്ത തോട്ടയുടെ ചെലവോ പഞ്ചായത്തുകൾ നൽകിയിട്ടില്ല.
ഇതുമൂലം കർഷകർ ഷൂട്ടർമാർക്ക് വാഹന സൗകര്യം, തോട്ടയുടെ വില എന്നിവ നൽകിയാണ് കാട്ടുപന്നികളെ വെടിവെച്ചു കൊല്ലുന്നത്. പോത്തുണ്ടി, കരിമ്പാറ, കയറാടി, ഇടപ്പാടം മേഖലയിലാണ് കാട്ടുപന്നിശല്യം രൂക്ഷമായത്.