ദൈവത്തിന്റെ സ്വരം സ്വീകരിച്ച് ജീവിക്കണം: മാർ പീറ്റർ കൊച്ചുപുരയ്ക്കൽ
1429856
Monday, June 17, 2024 1:40 AM IST
കാഞ്ഞിരപ്പുഴ: ദൈവത്തോട് ചേർന്ന് നിന്ന് ദൈവത്തിന്റെ സ്വരം സ്വീകരിച്ച് ദൈവവചനത്തിലഷ്ടിതമായി പ്രാർത്ഥനയിലും വിശുദ്ധിയിലും സത്യസന്ധതയിലും നീതിയിലും ദൈവസ്നേഹത്തിലും ക്രൈസ്തവർ ജീവിക്കണമെന്ന് പാലക്കാട് രൂപത ബിഷപ് മാർ പീറ്റർ കൊച്ചുപുരയ്ക്കൽ ഉദ്ബോധിപ്പിച്ചു.
കാഞ്ഞിരപ്പുഴ സെന്റ് തോമസ് ഫെറോന ദേവാലയത്തിലെ ഇടയ സന്ദർശനത്തിന്റെ ഭാഗമായി ദിവ്യബലിയിൽ സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. തിന്മയെ തിരിച്ചറിഞ്ഞ് നന്മയുടെ പാതയിലൂടെ വിശ്വാസ തീഷ്ണത ഉള്ളവരായി വിശ്വാസികൾ സഭയെ ശക്തിപ്പെടുത്തണം എന്നും അദ്ദേഹം പറഞ്ഞു.
കാഞ്ഞിരപ്പുഴ സെന്റ് തോമസ് ഫെറോന വികാരി ഫാ.ബിജു കല്ലിങ്കൽ, അസി.വികാരി ഫാ. നിവിൻ വർഗീസ് (കപ്പൂച്ചൻ), സെന്റ് തോമസ് ഐടിഐ ഡയറക്ടർ ഫാ.ഐബിൻ കളത്താര, കൈക്കാരൻമാർ, സിസ്റ്റേഴ്സ്, ഇടവകാംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ ബിഷപ്പിനെ ദേവാലയത്തിലേക്ക് സ്വീകരിച്ചു.
സെമിത്തേരിയിൽ മരിച്ചവർക്ക് വേണ്ടിയുള്ള തിരുക്കർമങ്ങളിൽ ബിഷപ് കാർമികത്വം വഹിച്ചു. കൈക്കാരന്മാർ, മത അധ്യാപകർ, വിദ്യാർഥികൾ കുടുംബയൂണിറ്റ് പ്രതിനിധികൾ എന്നിവരുമായി ബിഷപ് ചർച്ച നടത്തി.
അവശരായ കിടപ്പുരോഗികളെ വീടുകളിൽ എത്തി സന്ദർശിച്ച് ബിഷപ് പ്രത്യേക പ്രാർഥന നടത്തി.
പരീക്ഷകളിൽ ഉന്നത വിജയം നേടിയവർക്ക് പാരിതോഷികങ്ങൾ നൽകി. തുടന്ന് സ്നേഹവിരുന്നും ഉണ്ടായിരുന്നു.