പച്ചില വളച്ചെടി വളർന്നു കയറി; ഉഴുതുമറിക്കാൻ ബുദ്ധിമുട്ടി കർഷകർ
1429854
Monday, June 17, 2024 1:40 AM IST
നെന്മാറ: ആദ്യ വേനൽ മഴയിൽ വിതച്ച പച്ചില വളച്ചെടി വളർന്ന് പൂത്തു തുടങ്ങി. വേനൽ മഴ കിട്ടിയതോടെ ദ്രുതഗതിയിൽ വളർന്ന പച്ചില വളച്ചെടികൾ ഏഴ് അടിയിലേറെ വളർന്നു കയറി.
അയിലൂർ ഒറവഞ്ചിറ പാടശേഖരസമിതിയിലാണ് അമിതമായി വളർന്ന ഡെയിഞ്ച ഇനത്തിൽപ്പെട്ട പച്ചില വളച്ചെടി ഉഴുതുമറിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെട്ടത്. ഉഴുതുമറിക്കാൻ നെൽപ്പാടത്ത് ഇറങ്ങിയ ട്രാക്ടർ പോലും പൂർണമായി പുറത്തു കാണാത്ത രീതിയിലും ഡ്രൈവർക്ക് ഇടവരമ്പുകൾ തിരിച്ചറിയാത്ത സ്ഥിതിയിലുമായി.
പൂത്തു തുടങ്ങിയാൽ പച്ചില വളച്ചെടി വേരിൽ സംഭരിച്ച നൈട്രജൻ നഷ്ടപ്പെടുമെന്നതിനാലാണ് ഞാറ്റടി വളർച്ചയെത്തുന്നതിന് മുൻപ് തന്നെ ഉഴുതു മറിക്കുന്നത്.
ഈ മാസം ആദ്യവാരം മുളപ്പിച്ച ഞാറ്റടി പറിച്ചുനടീലിന് പാകമാകുന്നതേയുള്ളൂ അതിനിടെ വളർന്നു കയറിയ പച്ചില വളച്ചെടികൾ ഉഴുതുമറിക്കാനുള്ള തിരക്കിലാണ് കർഷകർ. ചെടികൾ അമിതമായി വളർന്നതോടെ ട്രാക്ടർ ഉപയോഗിച്ച് ഉഴുതിട്ടും മണ്ണിൽ പൂർണമായി താഴ്ന്നു പോയിട്ടില്ല. ഒരാഴ്ചയോളം വെള്ളം കയറ്റി നിർത്തിയാൽ അളിഞ്ഞ് മണ്ണിൽ ചേരുമെന്ന പ്രതീക്ഷയിലാണ് കർഷകർ.