പെരുന്നാൾ വിപണിയിൽ പച്ചക്കറികൾക്കും പലചരക്കുകൾക്കും പൊള്ളും വില
1429852
Monday, June 17, 2024 1:40 AM IST
ശ്രീകൃഷ്ണപുരം: പെരുന്നാൾ വിപണിയിൽ പച്ചക്കറികൾക്കും പലചരക്കുകൾക്കും, ഇറച്ചിക്കും വിലയേറുന്നു. പച്ചക്കറികൾക്ക് കഴിഞ്ഞ രണ്ടു മാസമായി വിലയേറിയും കുറഞ്ഞും വരുന്നതിനിടയിലാണ് കഴിഞ്ഞ ദിവസം മുതൽ വിലക്കയറ്റം വീണ്ടും കൂടുതലായത്.
പച്ചമുളകിനും നേന്ത്രക്കായ, മല്ലിയില, പുതീന, മുരിങ്ങക്കായ, എളവൻ എന്നിവയ്ക്കാണ് പ്രധാനമായും വിലയേറിയിരിക്കുന്നത്. പച്ചമുളക് കിലോയ്ക്ക് 120ൽ നിന്ന് 145-ലേക്കും നേന്ത്രക്കായ 40ൽ നിന്ന് 60ലേക്കും മല്ലിയില 90ൽ നിന്ന് 220ലേക്കും പുതീന 60ൽനിന്ന് 180ലേക്കും എളവൻ 26-ൽനിന്ന് 42ലേക്കും വിലകയറി.
പയർ 65ൽ നിന്ന് 85ലേക്കും ബീൻസ് 100ൽ നിന്ന് 120ലേക്കും വെള്ളരി 30ൽ നിന്ന് 38ലേക്കും വെണ്ട 35ൽ നിന്ന് 60ലേക്കും ചേന 70ൽ നിന്ന് 80ലേക്കും തക്കാളി 48ൽ നിന്ന് 70ലേക്കും വിലയേറിയിരിക്കുകയാണ്.
കയ്പ, മത്തൻ എന്നിവയ്ക്ക് വലിയ മാറ്റമില്ല. അടുത്ത ദിവസങ്ങളിൽ പച്ചക്കറികൾക്ക് ഇനിയും വില വർധിക്കാൻ സാധ്യതയുണ്ടെന്നാണ് കച്ചവടക്കാർ പറയുന്നത്.
രണ്ടുമാസം മുൻപ് വെള്ളത്തിന്റെ കുറവുമൂലം വിളവ് കുറഞ്ഞതിനെ തുടർന്നാണ് തമിഴ്നാട്, കർണാടക വിപണികൾ പച്ചക്കറികൾക്ക് വില വർധിപ്പിച്ചത്. ഇപ്പോൾ മഴക്കെടുതിയുടെ പേരിലാണ് വിലവർധന.
ഇറച്ചിക്കോഴിയുടെ വില ചെറിയരീതിയിൽ കുറഞ്ഞിട്ടുണ്ടെങ്കിലും പെരുന്നാൾ ദിനം ആകുമ്പോഴേക്കും വില വർധിക്കാൻ സാധ്യതയുണ്ടെന്നാണ് കച്ചവടക്കാരുടെ വിലയിരുത്തൽ.
160 രൂപ വരെ ഒരു കിലോ ഇറച്ചിക്കോഴിയുടെ വില വർധിച്ചിടത്ത് ഇപ്പോൾ 150 രൂപയായി കുറഞ്ഞിട്ടുണ്ട്.
വിപണിയിൽ ലഭ്യത കുറവാണെന്നു പറഞ്ഞ് ഏപ്രിലിൽ ഒറ്റയടിക്ക് ഉയർത്തിയ ആട്, പോത്ത് ഇറച്ചി വില അതേ നിലയിൽതന്നെ തുടരുകയാണ്. 600 രൂപയുണ്ടായിരുന്ന ആട്ടിറച്ചിക്ക് 750 മുതൽ 800 രൂപ വരെയും 320 രൂപയുണ്ടായിരുന്ന പോത്തിറച്ചി 350 വരെയുമാണ് വില ഉയർത്തിയത്.
പലചരക്കുവിപണിയിൽ ഏലം, കുരുമുളക് എന്നിവയ്ക്കാണ് വൻ വിലക്കയറ്റം. ഏലം കിലോയ്ക്ക് 300 വരെയും കുരുമുളക് 150 വരെയും വിലയേറി.
ശർക്കര, ബിരിയാണി അരി എന്നിവയ്ക്ക് കിലോയ്ക്ക് അഞ്ച് രൂപ വരെ വിലയേറിയിട്ടുണ്ട്. വെളിച്ചെണ്ണക്കും ചെറിയരീതിയിൽ വിലയേറി.