ആവേശമുയർത്തി ദീപിക ആദരം; എസ്എസ്എൽസി, പ്ലസ്ടു പരീക്ഷയിലെ ഉന്നത വിജയികൾക്കും സ്കൂളുകൾക്കും ആദരം
1429593
Sunday, June 16, 2024 3:51 AM IST
പാലക്കാട്: എസ്എസ്എസ്എൽസി, പ്ലസ്ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ പാലക്കാട് മേഖലയിലെ വിദ്യാർഥികളെയും അവരെ പ്രാപ്തരാക്കിയ സ്കൂളുകളെയും ആദരിക്കുന്ന ദീപിക ആദരം പരിപാടി സംഘടിപ്പിച്ചു. പാലക്കാട് മേഴ്സി കോളജ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി മുൻസിപ്പാലിറ്റി ചെയർപേഴ്സണ് പ്രമീള ശശിധരൻ ഉദ്ഘാടനം ചെയ്തു. മേഴ്സി കോളജ് പ്രിൻസിപ്പൽ ഡോ.സിസ്റ്റർ ജോറി റ്റി.എഫ്. അധ്യക്ഷയായി.
എസ്എസ്എൽസി, പ്ലസ്ടു ഫലം വരുന്പോൾ വിജയിച്ച വിദ്യാർഥികളെ എല്ലാവരും ആദരിക്കുമെങ്കിലും അതിന് അവരെ പ്രാപ്തരാക്കിയ വിദ്യാലയങ്ങളെ ആദരിക്കാൻ ആരും തയ്യാറായിട്ടില്ലെന്ന് ചെയർപേഴ്സൺ പ്രമീള ശശിധരൻ പറഞ്ഞു. സ്കൂളിലെ അധ്യാപകന്റെ അധ്വാനവും വിജയത്തിന്റെ പിന്നിലുണ്ടെന്നും ചെയർപേഴ്സണ് പറഞ്ഞു.

വിജയികൾക്ക് കൂടുതൽ മേഖലകളിൽ കഴിവ് തെളിയിച്ചുകൊണ്ട് മുൻപന്തിയിലെത്താനുള്ള മാർഗങ്ങൾ കണ്ടെത്താൻ കഴിയണമെന്നും അവർ പറഞ്ഞു. വിദ്യാർഥികൾ വിജയിക്കുന്പോഴും പഠിക്കാൻ ആഗ്രഹിക്കുന്ന വിഷയം ചിലപ്പോൾ ലഭിക്കാതെ വരുന്നതും വേണ്ടത്ര സീറ്റുകൾ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഇല്ലാത്തതും വിദ്യാർഥികൾ നേരിടുന്ന വെല്ലുവിളികളാണ്.
ദീപിക തൃശൂർ റസിഡന്റ് മാനേജർ ഫാ. ജിയോ തെക്കിനിയത്ത് സ്വാഗതം പറഞ്ഞു. ദീപിക പാലക്കാട് കോ-ഓർഡിനേറ്റർ ഫാ.ജോസഫ് ചിറ്റിലപ്പിള്ളി അനുമോദന സന്ദേശം നൽകി. സാൻജോ കോളജ് ഓഫ് ഫാർമസ്യൂട്ടിക്കൽ സ്റ്റഡീസ് പ്രിൻസിപ്പൽ ഡോ. കെ.ആർ. വിനോദ് സന്നിഹിതനായി. സർക്കുലേഷൻ പാലക്കാട് ഏരിയ മാനേജർ സനൽ ആന്റോ നന്ദിയും പറഞ്ഞു.