മാന്നന്നൂർ റെയിൽവേ സ്റ്റേഷനിൽ നവീകരണ പ്രവൃത്തികൾക്ക് വേഗമേറുന്നു
1429584
Sunday, June 16, 2024 3:43 AM IST
ഒറ്റപ്പാലം: മാന്നന്നൂർ റെയിൽവേ സ്റ്റേഷനിൽ ഫൂട്ട് ഓവർ ബ്രിജ് നിർമാണവും ഒന്നാം നമ്പർ പ്ലാറ്റ് ഫോറം വിപുലീകരണവും പുരോഗമിക്കുന്നു. ഏറെ കാലത്തെ കാത്തിരിപ്പിനൊടുവിലാണ് മാന്നനൂർ റെയിൽവേ സ്റ്റേഷനിൽ വികസന പ്രവൃത്തികൾ നടക്കുന്നത്.
ഒറ്റപ്പാലം, ഷൊർണൂർ റെയിൽവേ സ്റ്റേഷനുകൾക്കിടയിലാണ് മാന്നനൂർ റെയിൽവേ സ്റ്റേഷൻ. ഇവിടെ നിരവധി വർഷങ്ങൾക്കു ശേഷമാണു വികസന പദ്ധതികൾ നടപ്പാക്കുന്നത്.
ഫ ൂട്ട് ഓവർ ബ്രിജ് നിർമാണം അന്തിമഘട്ടത്തിലെത്തിയിട്ടുണ്ട്. രണ്ടുപ്ലാറ്റ്ഫോമുകളുള്ള റെയിൽവേ സ്റ്റേഷനിൽ യാത്രക്കാർ ഇതുവരെ റെയിൽവേ ട്രാക്ക് ശ്രമകരമായി കുറുകെ കടന്നാണു മറുവശത്ത് എത്തിയിരുന്നത്. റെയിൽവേ ഡിവിഷനിൽ മാന്നനൂർ ഉൾപ്പെടെ മൂന്നു സ്റ്റേഷനുകളിലാണു ഫൂട്ട് ഓവർ ബ്രിജ് നിർമാണം.
മൂന്നിടത്തേക്കുമായി 85 ലക്ഷം രൂപയാണു ചെലവ്. ഉയരവും വീതിയും കുറഞ്ഞ നിലയിലായിരുന്ന ഒന്നാം നമ്പർ പ്ലാറ്റ് ഫോമാണു വിപുലീകരിച്ചു യാത്രക്കാർക്കു സഹായകമായ നിലയിലേക്കു വികസിപ്പിക്കുന്നത്.
നേരത്തെ സ്റ്റേഷനിലെത്തുന്ന യാത്രക്കാർക്കു ട്രെയിൻ കയറാനും ഇറങ്ങാനും നേരിട്ടിരുന്ന പ്രയാസമാണു പ്ലാറ്റ്ഫോം വിപുലീകരണത്തോടെ പരിഹരിക്കപ്പെടുന്നത്. മാന്നനൂർ ഉൾപ്പെടെ ഡിവിഷനിൽ എട്ട് സ്റ്റേഷനുകളിലായി 45 ലക്ഷം രൂപ വിനിയോഗിച്ചാണു പ്ലാറ്റ്ഫോം വിപുലീകരണം. മാന്നനൂരിൽ ജീവനക്കാരുടെ പഴയ ക്വാർട്ടേഴ്സുകൾ പൊളിച്ചുനീക്കിയാണു പ്ലാറ്റ്ഫോം വീതി കൂട്ടുന്നത്. പാസഞ്ചർ ട്രെയിനുകൾക്കു സ്റ്റോപ്പുള്ള സ്റ്റേഷനാണു മാന്നനൂർ. പലപ്പോഴും സിഗ്നൽ ലഭിക്കാതെ തീവണ്ടികൾ മാന്നന്നൂരിലാണ് പിടിച്ചിടുന്ന പതിവുള്ളത്.