വണ്ടിത്താവളത്തു ബൈപാസ് റോഡ് നിർമാണം വേഗത്തിലാക്കണം
1429342
Saturday, June 15, 2024 12:20 AM IST
വണ്ടിത്താവളം: പ്രധാനപാതയിൽ സ്കൂൾ ഗ്രൗണ്ട് കയറ്റത്തിൽ ചരക്കുവാഹന സഞ്ചാരം ദുഷ്ക്കരമായതിനു പരിഹാരമായി ബൈപാസ് നിർമിക്കാൻ തീരുമാനിച്ചത് നടപ്പിലാക്കണമെന്ന് ആവശ്യം. ചരക്കുവാഹനങ്ങൾ കയറ്റം കയറാനാവാതെ തിരിച്ചുപോകേണ്ടതായ നിരവധി സംഭവങ്ങൾ നടന്നിട്ടുണ്ട്. ഗതാഗതകുരുക്കും സാഹചര്യങ്ങളും കണക്കിലെടുത്താണ് കിഴക്കു ഭാഗത്തുള്ള ബ്രാഞ്ച് കനാൽ ബണ്ടിൽ പാത നിർമിച്ച് ഇതുവഴി വാഹനങ്ങൾ തിരിച്ചുവിടാൻ പൊതുമരാമത്ത് തീരുമാനിച്ചത്. പ്രാഥമിക നടപടി എന്ന നിലയിൽ റോഡ് നിർമാണ സർവേയും രണ്ടു വർഷം മുൻപ് പൂർത്തികരിച്ചു. സാമ്പത്തിക പ്രതിസന്ധി മൂലമാണ് നിർമാണം നീട്ടികൊണ്ടുപോവുന്നത്.
സ്കൂൾ ഗ്രൗണ്ട് വണ്ടിത്താവളം പ്രധാന പാതയിൽ ഗതാഗത തടസം അനുദിനം കൂടിവരികയാണ്. പതിനഞ്ചോളം സ്വകാര്യ ബസുകളും നൂറുകണക്കിനു ഇതര വാഹനങ്ങളും പതിവായി സഞ്ചരിക്കുന്ന പ്രധാന പാതയിലാണ് അപകടം പതിയിരിക്കുന്നത്. 20 വർഷം മുന്പ് കയറ്റം കയറുന്നതിനിടെ ട്രാക്ടർ പിന്നോട്ടു വന്ന് റോഡിനരികിലെ കനാലിൽ വീണ് ഡ്രൈവർക്ക് സാരമായ പരിക്കു പറ്റിയിരുന്നു. ഇത്തരം അപകടങ്ങൾ വീണ്ടും സംഭവിക്കാതിരിക്കാനാണ് ബൈപാസ് റോഡ് നിർമാണം ആരംഭിക്കണമെന്ന് യാത്രക്കാർ ആവശ്യപ്പെടുന്നത്.
വാഹന അപകടങ്ങൾ തുടർക്കഥയായ വണ്ടിത്താവളത്തിന്റെ കിഴക്കൻ ഭാഗത്തിൽ അപകടത്തിൽപ്പെട്ടവരെ ചിറ്റൂർ താലൂക്ക് ആശുപത്രിയിലേക്ക് ആംബുലൻസ് സഞ്ചരിക്കുന്നതും സ്കൂൾ ഗ്രൗണ്ട് പാതയിലൂടെയാണ്. ഈ റോഡിൽ ഗതാഗതകുരുക്കു കാരണം ആംബുലൻസുകളും ദീർഘനേരം വഴിയിൽ അകപ്പെടാറുണ്ട്.
ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാവുന്നതിന് ബൈപാസ് വൈകാതെ പൂർത്തീകരിക്കേണ്ടത് അത്യാവശ്യമായിരിക്കുകയാണ്.