കോട്ടത്തറ ആശുപത്രിയിലേക്ക് കോൺഗ്രസ് പ്രതിഷേധ മാർച്ച്
1425215
Monday, May 27, 2024 1:17 AM IST
അഗളി: ഓട്ടോയിൽ മരം വീണ് ഗുരുതരമായി പരിക്കേറ്റ ഫൈസലിന് തുടർചികിത്സ നൽകുന്നതിൽ കോട്ടത്തറ ഹോസ്പിറ്റലിൽ ഗുരുതരമായ വീഴ്ച ഉണ്ടായി എന്ന് ആരോപിച്ച് അഗളി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആശുപത്രിയിലേക്ക് മാർച്ച് നടത്തി.
വി.കെ. ശ്രീകണ്ഠൻ എംപി ഹോസ്പിറ്റലിന് നൽകിയ ഐസിയു സംവിധാനമുള്ള ആംബുലൻസ് കഴിഞ്ഞ ആറുമാസമായി കട്ടപ്പുറത്താണ്. സൗത്ത് ഇന്ത്യൻ ബാങ്ക് നൽകിയ ആംബുലൻസും റിപ്പയറിംഗിന് അയച്ചിരിക്കുകയാണ്.
ജില്ലാ മെഡിക്കൽ ഓഫീസറും ആശുപത്രി സൂപ്രണ്ടും ഈ ആംബുലൻസുകളുടെ കാര്യത്തിൽ അനങ്ങാപ്പാറ നയമാണ് സ്വീകരിക്കുന്നത്. ഗുരുതരാവസ്ഥയിൽ ആയ ഫൈസലിന് ഐസിയു സംവിധാനമുള്ള ആംബുലൻസിന് വേണ്ടി നാലു മണിക്കൂറോളം കാത്തിരിക്കേണ്ടി വന്നു. ഇതാണ് ഫൈസലിന്റെ മരണത്തിന് കാരണമായത്.
ഇതിനുമുമ്പും ഇത്തരത്തിൽ രോഗികൾ മരിക്കാൻ ഇടയായിട്ടും ആംബുലൻസ് എത്തിക്കുന്നതിൽ വീഴ്ചവരുത്തിയ ആശുപത്രി സൂപ്രണ്ടിനെതിരെയും ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റിക്കെതിരെയും നരഹത്യാ കുറ്റത്തിന് കേസെടുക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു.
എംപിയുടെ ആംബുലൻസ് ആറുമാസം മുമ്പ് ആക്സിഡന്റിൽ പെട്ടതിൽ അന്വേഷണം ആവശ്യമാണ്.
അൻപതിലധികം പിഎസ്സി ഡ്രൈവർമാർ പാലക്കാട് വെറുതെ ശമ്പളം വാങ്ങുമ്പോൾ കോട്ടത്തറ ട്രൈബൽ ഹോസ്പിറ്റലിൽ ആംബുലൻസ് ഓടിക്കുന്നത് രാഷ്ട്രീയ നിയമനം കിട്ടിയവരാണ്.
അതുകൊണ്ടാണ് ഏഴ് ആംബുലൻസുകളുള്ള കോട്ടത്തറ ട്രൈബൽ സ്പെഷാലിറ്റി ആശുപത്രിയിലെ മുഴുവൻ ആംബുലൻസുകളും കട്ടപ്പുറത്തായത്.
ഇത്തരം നിയമനങ്ങൾ ഉൾപ്പെടെ പരിശോധനയ്ക്കു വിധേയമാക്കണം. ഇത്തരത്തിലുള്ള രാഷ്ട്രീയ നിയമങ്ങളാണ് ഹോസ്പിറ്റലിന്റെ തകർച്ചയ്ക്ക് കാരണം. ഒന്നാം പിണറായി സർക്കാർ 150 ബെഡ് ഹോസ്പിറ്റലിൽ ആയി ഉയർത്തി എന്ന് അവകാശപ്പെടുന്ന കോട്ടത്തറ ഹോസ്പിറ്റലിൽ 50 ബെഡ് കൾക്കുള്ള സൗകര്യവും സ്റ്റാഫും മാത്രമേ ഇതുവരെ ഉള്ളൂ.
ആരോഗ്യവകുപ്പ് മന്ത്രിയുടെ സന്ദർശനങ്ങൾ വെറും പ്രദർശനം മാത്രമായി മാറി.
എത്രയും പെട്ടെന്ന് ഐസിയു സംവിധാനം ഉള്ള ആംബുലൻസ് ഹോസ്പിറ്റലിൽ തിരിച്ചെത്തിക്കണമെന്ന് സമരക്കാർ ആവശ്യപ്പെട്ടു. സർക്കാരിന്റെ അനാസ്ഥ കാരണം ഫൈസലിന്റെ കുടുംബത്തിനുണ്ടായ നഷ്ടത്തിന് സർക്കാർ പരിഹാരം കണ്ടെത്തണം.
ഇന്ന് ഡിഎംഒ എത്തി വിഷയങ്ങൾക്ക് പരിഹാരം ഉണ്ടാക്കുമെന്നുള്ള ഉറപ്പിൻമേൽ സമരം പിൻവലിച്ചു. കെപിസിസി മെംബർ പി.സി. ബേബി ഉദ്ഘാടനം ചെയ്തു.
മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജോബി കുരീക്കാട്ടിൽ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.പി. സാബു, നേതാക്കളായ ഷിബുസിറിയക്ക്, എം.ആർ.സത്യൻ സുനിൽ.ജി. പുത്തൂർ, ജി. ഷാജു, ഈശ്വരി രേഷൻ, മുഹമ്മദ് നാസർ, കെ.ജെ. മാത്യു, ആർ. രംഗസ്വാമി, ജയ്മോൻ പാറയാനിയിൽ, സുനിത ഉണ്ണികൃഷ്ണൻ, സന്തോഷ് ആനക്കട്ടി, അമീർ കോട്ടത്തറ, ഷൈജു ആലക്ക കുന്നേൽ, അക്ഷയ് ജോസഫ്, എ.കെ. സതീഷ്, ടിറ്റു വർഗീസ്, മണികണ്ഠൻ വണ്ണാംതറ, അശോകൻ കോട്ടത്തറ,തുടങ്ങിയവർ നേതൃത്വം നൽകി.