അകലൂർ ശിവക്ഷേത്രത്തിന്റെ കമ്പിവേലി തകർത്തനിലയിൽ
1425073
Sunday, May 26, 2024 7:37 AM IST
ഒറ്റപ്പാലം: ക്ഷേത്രത്തിന്റെ കമ്പിവേലി നശിപ്പിച്ച സംഭവത്തിൽ പോലീസ് കേസെടുത്തു. അകലൂർകുറിശി ശിവക്ഷേത്രത്തിന്റെ മൈതാനിയിൽ സ്ഥാപിച്ച കമ്പിവേലിയാണ് സാമൂഹികവിരുദ്ധർ വ്യാപകമായി നശിപ്പിച്ചത്.
കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. വർഷങ്ങളായി ചുറ്റുവേലി ഇല്ലാതെ കിടന്നിരുന്ന ക്ഷേത്രത്തിന്റെ മൈതാനം സാമൂഹികവിരുദ്ധരുടെ കേന്ദ്രമായിരുന്നു. കഴിഞ്ഞയാഴ്ച ഒരുലക്ഷം രൂപ ചെലവഴിച്ചു ക്ഷേത്രത്തിന്റെ മുൻവശത്തെ 60 മീറ്ററിൽ കമ്പിവേലി സ്ഥാപിച്ചിരുന്നു.
ഈ വേലിയാണ് സിമന്റ് പോസ്റ്റുകൾ പൊളിച്ചു തല്ലിത്തകര്‍ത്തത്. ഒറ്റപ്പാലം പോലീസ് സ്ഥലത്തെത്തിയാണ് കേസെടുത്തത്. ക്ഷേത്രത്തിനു നേരെ നടന്ന അതിക്രമത്തില്‍ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്നു ആവശ്യപ്പെട്ട് ഭക്തജനങ്ങള്‍ രംഗത്തെത്തി.
സമീപപ്രദേശത്തെ സിസിടിവി കാമറകള്‍ കേന്ദ്രീകരിച്ചു ശക്തമായ അന്വേഷണം നടത്തണമെന്നാണ് ആവശ്യം. കേസെടുത്ത പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.