റബർടാപ്പിംഗ് തൊഴിലിൽ 45 വർഷം പിന്നിട്ട് എളവമ്പാടത്തെ വീട്ടമ്മ ശാന്ത ബാലൻ
1424527
Friday, May 24, 2024 12:49 AM IST
ഫ്രാൻസിസ് തയ്യൂർ
വടക്കഞ്ചേരി: റബർ ടാപ്പിംഗ് രംഗത്തേക്ക് സ്ത്രീകൾ കടന്നുവന്നിട്ടില്ലാത്ത 1980കളിൽ ടാപ്പിംഗിൽ വൈദഗ്ധ്യം തെളിയിച്ച പെൺകുട്ടി ഇന്നു നാലരപ്പതിറ്റാണ്ട് പിന്നിട്ട് ടാപ്പിംഗ് തൊഴിൽ തുടരുന്നു. എളവമ്പാടം തച്ചക്കോട് സ്വദേശിനിയായ ശാന്ത ബാലനാണ് ഈ ടാപ്പർ ഗുരു.
പണിയെടുക്കാതെ വെറുതെയിരിക്കുന്ന ശീലം ഈ അമ്മയ്ക്കില്ല. ചെയ്യുന്ന തൊഴിൽ തന്നാലാകുംവിധം ഏറ്റവുംനന്നായി ചെയ്യുക എന്നതാണ് അന്പത്തേഴുകാരിയുടെ തൊഴിൽനയം.
ഇതുകൊണ്ടുതന്നെ ഇവർക്കു പണിയില്ലാത്ത ദിവസവും ഉണ്ടാകാറില്ല.
സ്ത്രീകൾ അധികമാരും ഇഷ്ടപ്പെടാത്ത ടാപ്പിംഗ് രംഗത്തേക്ക് സ്കൂൾ വിദ്യാർഥിയായിരിക്കുമ്പോൾതന്നെ കടന്നുവന്ന ശാന്തയെ 2008ൽ ബെസ്റ്റ് ടാപ്പർ അവാർഡ് നൽകി എളവമ്പാടം മാതൃകാ റബർഉത്പാദക സംഘം അനുമോദിച്ചിരുന്നു. 300 പുരുഷ ടാപ്പർമാർ ഉൾപ്പെടെയുള്ളവരിൽ നിന്നാണ് അന്ന് ശാന്തയെ ബെസ്റ്റ് ടാപ്പറായി തെരഞ്ഞെടുത്തത്. പന്ത്രണ്ടാം വയസിൽ അച്ഛൻ പഴനിമലക്കൊപ്പം പോയാണ് റബർ ടാപ്പിംഗ് പഠിച്ചത്.
എന്തെങ്കിലുമൊക്കെ പണിയെടുത്ത് മാതാപിതാക്കളുടെ പ്രാരാബ്ദങ്ങൾക്ക് താങ്ങാകണമെന്ന മോഹമായിരുന്നു ചെറിയ ക്ലാസിൽതന്നെ പഠനംനിർത്തി മക്കളിലെ മൂത്തയാളായ ശാന്തയെ ടാപ്പിംഗിന് പ്രേരിപ്പിച്ചത്. പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നില്ല. ജീവിതം പച്ചപിടിച്ചതെല്ലാം ഈ റബറിൽനിന്നു തന്നെയായിരുന്നു.
പഠനം നിർത്തി പണിക്ക് പോകുന്ന പെൺകുട്ടിയെകണ്ട് പലരും കളിയാക്കുകയും പരിഹസിക്കുകയും ചെയ്തപ്പോഴും അതൊന്നും ശാന്ത ഗൗനിച്ചില്ല. വീട്ടിലെ ദാരിദ്ര്യവും കഷ്ടപ്പാടുകളും തന്നെ കുറ്റപ്പെടുത്തുന്നവർക്ക് അറിയില്ലല്ലോ എന്നതായിരുന്നു ശാന്തയുടെ ആത്മഗതം. കൂട്ടുകാരികളെല്ലാം സ്കൂളിലേക്കു പോകാൻ ഒരുങ്ങുമ്പോൾ ശാന്ത എന്ന പന്ത്രണ്ടുകാരി പുലർച്ചെ ടോർച്ചുമായി അച്ഛനൊപ്പം റബർതോട്ടത്തിൽ പോകും.
ടാപ്പിംഗിനായി അച്ഛന് ടോർച്ച് തെളിയിച്ചു കൊടുക്കുന്നതിനൊപ്പം ടാപ്പിംഗ് രീതികളും ശാന്ത പഠിച്ചെടുത്തു. അച്ഛൻ പണിയെടുത്ത് തളർന്നിരിക്കുമ്പോൾ കത്തിയെടുത്ത് ശാന്ത ടാപ്പിംഗ് നടത്തും.
അങ്ങനെ ടാപ്പിംഗ് ശാന്തയുടെ കൈകൾക്ക് അനായാസം വഴങ്ങുന്ന തൊഴിലായി മാറി. മാപ്പിളപ്പൊറ്റ ആലപ്പാട്ടുകുന്നേൽ തോട്ടത്തിലും വണ്ടാഴി കിഴക്കേത്തറ കൃഷ്ണന്റെ തോട്ടത്തിലുമായിരുന്നു തുടക്കക്കാരി എന്ന നിലയിലുള്ള ടാപ്പിംഗ് പണികൾ.
ഒരു മരത്തിനു മൂന്ന് പൈസായിരുന്നു അന്നത്തെ പ്രതിഫലം. പിന്നീട് പല തോട്ടങ്ങളിലും ടാപ്പിംഗ് ജോലി ചെയ്തു. വീടിനടുത്തു തന്നെയുള്ള എളവമ്പാടം സെന്റ് തോമസ് പള്ളിയുടെ തോട്ടത്തിൽ 15 വർഷം ടാപ്പറായിരുന്നു ശാന്ത.
തോട്ടം റീപ്ലാന്റ് ചെയ്തതിനാൽ ഇവിടെയടുത്ത് പുഴയോരത്തുള്ള തോട്ടത്തിലാണ് ഇപ്പോൾ ടാപ്പിംഗ് നടത്തുന്നത്. വേനലവധിയായതിനാൽ മകളുടെ മകൻ ആറാം ക്ലാസുകാരൻ ആദിനാഥും അമ്മൂമ്മക്കൊപ്പമുണ്ട്.
ആരോഗ്യമുള്ള നല്ല കാലത്ത് 500 മരം വരെ ടാപ്പിംഗ് നടത്തി ഷീറ്റടിച്ചിരുന്നു. ഇപ്പോൾ 350 നടുത്ത് മരങ്ങളെ ടാപ്പിംഗ് നടത്താനാകുന്നുള്ളുവെന്നു ശാന്ത പറഞ്ഞു.