ോപോത്തുണ്ടി ഡാമിൽ ജലനിരപ്പുയർന്നു
1424526
Friday, May 24, 2024 12:49 AM IST
നെന്മാറ: പോത്തുണ്ടി അണക്കെട്ടിൽ അഞ്ചുദിവസത്തിനിടെ ഒന്നരയടി ജലനിരപ്പുയർന്നു. ഈമാസം 18നുണ്ടായിരുന്ന 3.01 അടി വെള്ളമാണ് ഇന്നലെ 4.49 അടിയായി ഉയർന്നത്. കഴിഞ്ഞവർഷം മേയ് 23ന് അണക്കെട്ടിൽ 1.017 അടി വെള്ളമാണ് ഉണ്ടായിരുന്നത്.
കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് മൂന്ന് അടിയിൽ കൂടുതൽ വെള്ളം അണക്കെട്ടിൽ വർധിച്ചു. കഴിഞ്ഞ ബുധനാഴ്ചയാണ് ഈ വർഷത്തെ ഏറ്റവും ഉയർന്ന മഴയായ 81. മില്ലിമീറ്റർ പോത്തുണ്ടിയിൽ രേഖപ്പെടുത്തിയത്.
കാലവർഷത്തിനു മുന്നോടിയായി ഡാമിലെ ഷട്ടറുകളുടെ പ്രവർത്തനക്ഷമത പരിശോധനയും കാലാനുസരണമായ പരിപാലനവും പൂർത്തിയാക്കി. കഴിഞ്ഞമാസം ഡാംസുരക്ഷാ അഥോറിറ്റിയും ഡാമിലെ ഷട്ടറുകളുടെയും വാർഷിക അറ്റകുറ്റപ്പണികളും വിലയിരുത്തിയിരുന്നു.
കാലവർഷം വരുന്നതിനു മുമ്പുതന്നെ വൃഷ്ടിപ്രദേശത്ത് മഴ സജീവമായതോടെ അണക്കെട്ടിലെ ജലനിരപ്പുയരുന്നത് കാർഷിക മേഖലയ്ക്കും കുടിവെള്ള പദ്ധതികൾക്കും ഉപകാരപ്രദമാകുമെന്നാണ് വിലയിരുത്തൽ.