വണ്ടിത്താവളത്ത് തെരുവുനായശല്യം രൂക്ഷം; ജീവഭയത്തിൽ യാത്രക്കാർ
1424521
Friday, May 24, 2024 12:49 AM IST
വണ്ടിത്താവളം: ടൗണിലും പരിസര പ്രദേശങ്ങളിലും വർധിച്ചു വരുന്ന തെരുവുനായശല്യം യാത്രക്കാർക്കും വ്യാപാര സ്ഥാപനങ്ങളിലെത്തുന്നവർക്കും ഭീതിജനകമായിരിക്കുകയാണ്. പ്രഭാതവ്യായാമത്തിന് തനിച്ച് നടക്കാനും ജനം ഭയക്കുകയാണ്. പള്ളിമൊക്ക്, വിളയോടി റോഡ്, പഴചന്തപ്പേട്ട, ബസ് സ്റ്റാൻഡ് കോമ്പൗണ്ട്, തങ്കം ജംഗ്ഷൻ, പന്തൽ മൂച്ചി, പച്ചക്കറിച്ചന്ത എന്നിവിടങ്ങളിലും അഞ്ചും പത്തും നായകൾ കൂട്ടമായാണ് തമ്പടിച്ചിരിക്കുന്നത്. പുലർച്ചെ സമയങ്ങളിൽ തട്ടുകടകളിൽ ചായക്കെത്തുന്നവർ നേരം പുലർന്നിട്ടാണ് പുറത്തിറങ്ങുന്നത്.
ടൗണിൽ ഒന്നര കിലോമീറ്റർ ദൈർഘ്യത്തിലുള്ള സ്ഥലങ്ങളിൽ മുൻപു നടന്ന 40 ൽ കൂടുതൽ തെരുവു നായമൂലമുള്ള അപകടങ്ങളിൽ രണ്ടു മരണങ്ങളും നിരവധി പേർക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്. മുന്പ് ടൗൺ സ്കൂൾ പരസരത്ത് പേയിളകിയ നായ ബാലിക ഉൾപ്പെടെ 15 പേരെ കടിച്ച് മുറിവേൽപ്പിച്ച സംഭവവും നടത്തുന്നുണ്ട്.
പ്രദേശത്ത് അഞ്ച് വർഷം മുൻപാണ് തെരുവുനായ വന്ധീകരണം നടന്നത്. എന്നാൽ നിലവിൽ കൂടിയതോതിൽ നായകൾ പെരുകിയിരിക്കുകയാണ്. രാത്രി സമയങ്ങളിൽ ഇരുചക്ര വാഹനങ്ങളിൽ സഞ്ചരിക്കുന്നവരെ നായകൾ ദീർഘദൂരം പിന്തുടർന്ന് തുരത്തുന്നത് പതിവാണ്. മീരാൻപുള്ള സ്വദേശികളായ ദമ്പതിമാരും കുട്ടിയും സഞ്ചരിച്ച് ഇരുചക്രവാഹനത്തിൽ നായയിടിച്ച് മറിഞ്ഞ് മൂവർക്കും സാരമായ പരിക്കേറ്റ സംഭവം നടന്നിട്ട് അധികം നാളായിട്ടില്ല. യാത്രക്കാർ നായശല്യം ബന്ധപ്പെട്ട ഗ്രാമപഞ്ചായത്ത് അധികൃതരെ അറിയിച്ചാലും കോടതിവിധി ചൂണ്ടിക്കാട്ടി പരിഹാര നടപടികൾക്ക് തയാറാവാത്തതിൽ ജനകീയ അമർഷവുമുണ്ട്.