കരിമ്പാറയിൽ വീടുകൾക്ക് സമീപം വീണ്ടും മ്ലാവ് എത്തി
1423694
Monday, May 20, 2024 1:48 AM IST
നെന്മാറ: കരിമ്പാറ എസ്എൻഡി പി ഓഫീസിന് സമീപത്തെ വീടിനടുത്ത് പരിക്കുകളോടെ മ്ലാവിനെ കണ്ടെത്തി. ഇന്നലെ രാവിലെ ആറരയോടെയാണ് നാലു വയസിലേറെ പ്രായമുള്ള പെൺ മ്ലാവ് നായകൾ കടിച്ച് ഓടിച്ചതിനെ തുടർന്ന് വൈദ്യുത വേലിക്ക് പുറത്തായി റോഡരികിലെ എ.ചന്ദ്രന്റെ വീടിനു സമീപത്ത് എത്തിയത്. പ്രദേശവാസികൾ നായക്കൂട്ടത്തെ എറിഞ്ഞോടിച്ച് മാനിനെ രക്ഷപ്പെടുത്തി.
ഓടി ക്ഷീണിച്ച അവശയായ മാൻ സമീപത്തെ വീടിനോട് ചേർന്ന് അഭയം പ്രാപിക്കുകയായിരുന്നു. വയറിലും കാലിന് സമീപത്തും ചെറിയ പരിക്കുകൾ ഉള്ള മ്ലാവ് ഭയരഹിതമായി ആളുകൾക്ക് സമീപത്ത് ഏറെനേരം സൗഹാർദത്തിൽ വിശ്രമിച്ചു. ക്ഷീണം മാറിയ ശേഷം ഉൾവനത്തിലേക്ക് പ്രദേശവാസികളായ സി. അരുൺ, എ. സലീം, വനം വകുപ്പ് വാച്ചർ വി. രഞ്ജിത്ത് എന്നിവർ ചേർന്ന് കയറ്റിവിട്ടു. പ്രദേശത്തെ കുന്നിൻ ചരിവിനോട് ചേർന്ന പ്രദേശത്ത് അലഞ്ഞു തിരിയുന്ന നായക്കൂട്ടമാണ് മാനിനെ കടിച്ചു പരിക്കേൽപ്പിച്ചതെന്ന് പ്രദേശവാസികൾ പറഞ്ഞു.
ഉൾവനത്തിൽ പുലി തുടങ്ങിയവയുടെ ഭീഷണി നേരിടുമ്പോൾ രാപ്പകൽ ഭേദമെന്യേ റോഡിലേക്കും വീടുകൾക്ക് സമീപവും മ്ലാവുകൾ സാധാരണ കൂട്ടത്തോടെ എത്താറുണ്ട്. കഴിഞ്ഞദിവസം കരിമ്പാറ ജംഗ്ഷനോട് ചേർന്ന് വീട്ടുവളപ്പിൽ നിന്ന് പകൽ സമയത്ത് നായകളുടെ ആക്രമണത്തിൽ നിന്ന് ഓടി രക്ഷപ്പെടുന്നതിനിടെ കനാൽ കുറുകെ ചാടി കടക്കുന്നതിനിടയിൽ കാലൊടിഞ്ഞ് ആൺ മ്ലാവ് ചത്തിരുന്നു.