പരിസ്ഥിതിലോല പ്രദേശ അന്തിമ ഭൂപടത്തിൽ പരക്കെ വീടുകളും കൃഷിസ്ഥലവും
1423692
Monday, May 20, 2024 1:48 AM IST
പാലക്കാട്: ജില്ലയിലെ 14 ഇഎസ്എ വില്ലേജ് ഭൂപടങ്ങളുടെ പകർപ്പ് അന്തിമ പരിശോധനക്കായി പഞ്ചായത്തുകൾക്ക് ലഭ്യമാക്കിയതിൽ നിരവധി വീടുകളും, കൃഷി സ്ഥലങ്ങളും ഉൾപ്പെട്ടിട്ടുള്ളതായി കർഷകർ പറഞ്ഞു.
ചില വില്ലേജുകളിൽ ആരാധനാലയങ്ങൾക്കൂടി ഇഎസ്എ ബൗണ്ടറിക്കുള്ളിൽ വരുംവിധമാണ് ഭൂപടം തയാറാക്കിയിരിക്കുന്നത്. കൃത്യമായി പരിശോധന നടത്താതെ ഗൂഗിൾ എർത്തിന്റെ സഹായത്തോടെ ഓഫീസുകളിൽ ഇരുന്ന് തയാറാക്കുന്നതിനാലാണ് ഇത്തരം വീഴ്ചകൾ ഉണ്ടാകുന്നതെന്ന് കർഷക സംഘടനകൾ ആരോപിച്ചു. ഇതിൽത്തന്നെ പ്രത്യേകമായ ഒരു സംരക്ഷണം ആവശ്യമില്ലാത്ത മേഖലകളാണ് കൂടുതലും ഉൾപ്പെടുത്തിയിട്ടുള്ളത്.
മുൻകാലങ്ങളിൽ തയാറാക്കി നൽകിയിരുന്ന പരിസ്ഥിതിലോല പ്രദേശങ്ങളുടെ ഭൂപടങ്ങളിൽ കാര്യമായ മാറ്റം വരുത്താതെയാണ് മുഖ്യമന്ത്രിയുടെ കീഴിലുള്ള സംസ്ഥാന പരിസ്ഥിതി വകുപ്പ് അന്തിമമായ അംഗീകാരത്തിനായി ഭൂപടങ്ങൾ തയാറാക്കിയിരിക്കുന്നതെന്ന് പരാതി ഉയർന്നിട്ടുണ്ട്. മാപ്പുകളുടെ കെഎംഎൽ ഫയലുകൾ ലഭ്യമാക്കാതെ അംഗീകാരത്തിനായി പഞ്ചായത്തുകളുടെ റിപ്പോർട്ട് തേടിയിരുന്നു. എന്നാൽ അന്തിമമായി തയാറാക്കിയ ഭൂപടങ്ങൾ പരിശോധിക്കാതെ റിപ്പോർട്ട് നൽകാൻ കഴിയില്ലെന്ന് കർഷക സംഘടനയുടെ ഇടപെടലുകളെ തുടർന്ന് പഞ്ചായത്തുകൾ നിലപാട് സ്വീകരിച്ചു. ഭൂപടങ്ങളുടെ കെഎംഎൽ ഫയലും, ജിയോ കോഡിനേറ്റുകളും ലഭ്യമാക്കണമെന്ന് കാണിച്ച് പഞ്ചായത്തുകൾ ജില്ലാ കളക്ടർക്ക് കത്തു നല്കിയിരുന്നു. ഇപ്പോൾ ലഭിച്ചിരിക്കുന്ന മാപ്പുകൾ പരിശോധിച്ച് പഞ്ചായത്തുകൾക്ക് ആക്ഷേപം അറിയിക്കുവാനുള്ള സമയം പരിമിതമാണെന്ന് കർഷക സംഘടനകൾ പറയുന്നു.
1977 മുന്പ് കർഷകർ കൈവശം വച്ചത് എന്ന് വനം റവന്യൂ വകുപ്പുകൾ അംഗീകരിച്ച് സംയുക്ത സർവേ നടത്തി പട്ടയത്തിനു വേണ്ടി കാത്തിരിക്കുന്ന സ്ഥലങ്ങൾ പോലും ഇഎസ്എ യുടെ ഭാഗമാക്കിയാണ് നിലവിൽ മാപ്പുകൾ തയാറാക്കിയിരിക്കുന്നത്. ഇതിൽ കർഷകർക്ക് ശക്തമായ പ്രതിഷേധമുണ്ട്.
ഈ വിഷയത്തിൽ അടിയന്തരമായി ഇടപെട്ട് സാങ്കേതിക വിദഗ്ധരുടെയും, വില്ലേജ്, കൃഷി, റവന്യു വകുപ്പുകളുടെയും കൂട്ടായ സ്ഥലപരിശോധനയിൽ ജനവാസമേഖലകളിൽ ഇഎസ്എ യുടെ അതിർത്തി കൃത്യമായി ഗ്രൗണ്ടിൽ മാർക്ക് ചെയ്യുകയും, ജനവാസമേഖലകൾ ഉൾപ്പെട്ട് വന്നിട്ടുള്ളവ പൂർണമായി ഒഴിവാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്തില്ലെങ്കിൽ മേഖലകളിൽ ജനജീവിതം താറുമാറാകുകയും പ്രത്യാഘാതങ്ങൾ നേരിടേണ്ടിയും വരും.
പശ്ചിമഘട്ട സംരക്ഷണത്തിന്റെ മറവിൽ പരിസ്ഥിതി ലോല പ്രദേശങ്ങൾ നിശ്ചയിച്ച് ജനവാസ മേഖലയും, കൃഷിഭൂമിയും വനമാക്കിമാറ്റാനുള്ള ശക്തികളുടെ ശിപാർശകൾ സർക്കാർ തള്ളിക്കളയണമെന്ന് കിഫ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.