പത്തനാപുരത്ത് പുതിയ പാലം വരുന്നു; പഴയ പാലം പൊളിച്ചു
1423211
Saturday, May 18, 2024 1:40 AM IST
ആലത്തൂർ: കാവശ്ശേരി പഞ്ചായത്തിലെ വടക്കേനട പത്തനാപുരം റോഡിൽ ഗായത്രി പുഴക്ക് കുറകെയുണ്ടായിരുന്ന നിലവിലെ പാലം പുതുക്കി പണിയാനായി പൊളിച്ചു.
ഉയരവും വീതിയും കൂടിയ പുതിയ പാലം നിർമിക്കുന്നതിനാണ് പഴയപാലം പൊളിച്ചത്. ചെറിയ വാഹനങ്ങൾ പൊളിച്ച പാലത്തിനു സമീപത്ത് നിർമിച്ച താത്കാലിക പാത വഴിയാണ് ഇപ്പോൾ കടന്നു പോകുന്നത്.
പത്തനാപുരം, ഞാറക്കോട്, തോണിപ്പാടം ഭാഗങ്ങളിലുള്ളവരുടെ യാത്രാ ബുദ്ധിമുട്ട് പരിഗണിച്ചാണ് ചെറിയ വാഹനങ്ങൾക്ക് സഞ്ചരിക്കാവുന്ന താത്കാലിക പാത നിർമ്മിച്ചത്.
8.82 കോടി ചെലവിലാണ് പുതിയ പാലം നിർമിക്കുന്നത്. 26 മീറ്റർ നീളം വരുന്ന മൂന്ന് സ്പാനുകളിലായി 78 മീറ്റർ നീളവും ഇരുവശങ്ങളിലും നടപ്പാത ഉൾപ്പെടെ 11 മീറ്റർ വീതിയിലും വെള്ളം കയറാത്ത വിധം ഉയരത്തിലുമായിരിക്കും നിർമ്മാണം.
18 മാസമാണ് നിർമ്മാണ കാലാവധി .പാലം നിർമ്മാണത്തെ തുടർന്ന് വലിയ വാഹനങ്ങൾക്ക് ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്.
വലിയ വാഹനങ്ങൾ വടക്കേനട കഴനിച്ചുങ്കം അത്തിപ്പൊറ്റ വഴിയാണ് തിരിച്ചു വിട്ടിട്ടുള്ളത്. ആലത്തൂരിൽ നിന്ന് വെങ്ങന്നൂർ, ആറാപ്പുഴ വഴിയും ചെറിയ വാഹനങ്ങൾക്ക് തോണിപ്പാടത്തേക്ക് എത്താൻ സാധിക്കും.