കാർഷികജല പ്രതിസന്ധിക്ക് അടിയന്തര പരിഹാരം വേണം
1417263
Friday, April 19, 2024 12:40 AM IST
ചിറ്റൂർ: നല്ലേപ്പിള്ളി പഞ്ചായത്തിൽ 15-ാം വാർഡ് കോട്ടപ്പള്ളത്ത് വെള്ളമില്ലാതെ വരണ്ട അവസ്ഥയിൽ. പറമ്പിക്കുളം ആളിയാർ പദ്ധതിയിൽനിന്ന് വെള്ളം ലഭിക്കുന്നതിന്റെ കുറവുമൂലം മിക്കവാറും എല്ലാ കുളങ്ങളുടെയും സ്ഥിതി ഇതുതന്നെയാണ്.
കനാൽവെള്ളം നിർത്തി രണ്ടു മാസം കഴിഞ്ഞു. വേനൽമഴയും ചതിച്ചതോടെ അക്ഷരാർഥത്തിൽ പ്രദേശം കൊടുംവരൾച്ചയിൽ അകപ്പെട്ടിരിക്കുകയാണ്.
കുളിക്കാനും വസ്ത്രം അലക്കാനും കന്നുകാലികൾക്കു വെള്ളം കൊടുക്കാനും കഴുകാനും വെള്ളമില്ലാതെ ജലസംഭരണികൾ വരണ്ടുണങ്ങി. കാലാവസ്ഥാ വ്യതിയാനംമൂലം കാലവർഷ കുറവ് കാർഷിക വിളകളെ പ്രതി കൂലമായി ബാധിച്ചിട്ടുണ്ട്.
തെങ്ങിൽ പുതിയ കുലകളൊന്നും ഇല്ലാത്ത അവസ്ഥയാണ്. പ്രദേശത്തെ വരൾച്ചാപ്രശ്നം പരിഹരിക്കാൻ താത്കാലികമായിട്ടെങ്കിലും അടിയന്തരമായി ആളിയാർ ജലം നല്ലേപ്പിള്ളി മേഖലയിൽ വിതരണം ചെയ്യണമെന്ന് കർഷക സംഘടനാ ഭാരവാഹികളായ എം.രാമകൃഷ്ണൻ, വി. രാജൻ, ശശിധരൻ എന്നിവർ ആവശ്യപ്പെട്ടു.