മണ്ണാർക്കാട് നഗരസഭയിലെ നികുതിപ്രശ്നം സങ്കീർണമാക്കുന്നത് ഉദ്യോഗസ്ഥർ: വ്യാപാരികൾ
1417090
Thursday, April 18, 2024 1:48 AM IST
മണ്ണാർക്കാട്: നഗരസഭയിലെ വ്യാപാരികളുടെ വ്യാപാര ലൈസൻസ് പുതുക്കി നല്കണമെന്ന ഹൈക്കോടതി ഉത്തരവിന് ഒരു വിലയും കൽപ്പിക്കാത്ത മണ്ണാർക്കാട് നഗരസഭയിലെ ചില ഉദ്യോഗസ്ഥരുടെ നടപടികൾ മൂലം വ്യാപാരം അവസാനിപ്പിക്കേണ്ട ഗതികേടിലാണെന്ന് വ്യാപാരി നേതാക്കൾ പത്രസമ്മേളനത്തിൽ പറഞ്ഞു.
കെ സ്മാർട്ട് എന്ന കമ്പ്യൂട്ടർ ആപ്ലിക്കേഷന്റെ സാങ്കേതികത്വം പറഞ്ഞ് മറ്റൊരു നഗരസഭയിലുമില്ലാത്ത തരത്തിലുള്ള രേഖകൾ ആവശ്യപ്പെട്ട് വ്യാപാരികളെ ലൈസൻസിനായി നെട്ടോട്ടമോടിക്കുകയാണ് ഉദ്യോഗസ്ഥർ. മാർച്ചിൽ ലൈസൻസ് പുതുക്കിയതിന്റെ രേഖകൾ ലഭിച്ചില്ലെങ്കിൽ ബാങ്ക് ലോണുകൾ പുതുക്കാനോ മറ്റു വിവിധ ലൈസൻസുകൾ എടുക്കാനോ കഴിയില്ല.
ഈ വിഷയത്തിലുള്ള ന്യായമായ പരാതി വകുപ്പ് മന്ത്രിക്ക് വരെ നല്കിയിട്ടും ഇതുവരെ ഒരു നടപടിയും കൈക്കൊണ്ടില്ല. മനുഷ്യത്വരഹിതമായ പല നിയമങ്ങളും കുടിശികകളുമാണ് വിവിധ സർക്കാരുകൾ വ്യാപാരികളുടെ മേൽ അടിച്ചേൽപിക്കുന്നത്.
വ്യാപാരികളുടെ ന്യായമായ പരാതികൾ കേൾക്കാനോ പരിഹാരം കാണാനോ ഒരു ജന പ്രതിനിധിയും ശ്രമിക്കുന്നില്ല എന്നത് പ്രതിഷേധകരമാണ്.
മണ്ണാർക്കാട് നഗരസഭയിലെ ലക്ഷക്കണക്കിന് വരുന്ന വർധിപ്പിച്ച ബിൽഡിംഗ് ടാക്സ് കുടിശിക കെട്ടിട ഉടമകൾക്ക് താങ്ങാൻ കഴിയുന്ന വിധത്തിലുള്ളതല്ല.
അവർ ടാക്സ് അടച്ചില്ലെങ്കിൽ വ്യാപാരിയുടെ ലൈസൻസ് പുതുക്കി കൊടുക്കില്ല എന്ന് പറയുന്നത് നിയമപരമായും മനുഷ്യത്വപരമായും ശരിയല്ല എന്ന് ഹൈക്കോടതിയും ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.
വ്യാപാരികൾ രണ്ടു മാസമായി അനുഭവിക്കുന്ന ഈ പ്രയാസത്തിൽ എത്രയും പെട്ടെന്ന് ഇടപെട്ട് 25 ന് മുൻപ് പരിഹാരമുണ്ടാക്കി തന്നില്ലെങ്കിൽ വ്യാപാരികളെ ഈ സമൂഹത്തിന്റെ ഭാഗമായി കാണാത്തതിലുള്ള പ്രതിഷേധത്തിന്റെ ഭാഗമായി മണ്ണാർക്കാട്ടെ രണ്ടായിരത്തിലധികം വരുന്ന വ്യാപാരികളും അവരുടെ അയ്യായിരത്തിലധികം വരുന്ന തൊഴിലാളികളും അവരുടെ കുടുംബാംഗങ്ങളായിട്ടുള്ള പതിനായിരത്തിലധികം വരുന്ന ആളുകളും തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുന്നതടക്കമുള്ള സമരപരിപാടികൾക്ക് നേതൃത്വം നൽകുമെന്നും വ്യാപാരി നേതാക്കൾ പറഞ്ഞു.
യൂണിറ്റ് പ്രസിഡന്റ് ബാസിത്ത് മുസ്ലിം, ജനറൽ സെക്രട്ടറി രമേഷ് പൂർണിമ, പി.യു. ജോൺസൺ, ഡേവിസ്, ഷമീർ യൂണിയൻ, കൃഷ്ണദാസ് സിഗ്നൽ, ഗുരുവായൂരപ്പൻ, ബേബി ചാക്കോ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.