വേനല്‍ക്കാലത്തെ നഷ്ടബോധം
1416112
Saturday, April 13, 2024 1:29 AM IST
കൊടുക്കാപ്പുളി എന്ന നൊസ്റ്റാള്ജി(ക്കാ)യ
എം.വി. വസന്ത്
പാലക്കാട്: കടുത്ത വേനല്‍ച്ചൂടില്‍ വെന്തുരുകുമ്പോള്‍ പാലക്കാട് ജില്ലയുടെ നഷ്ടബോധം കരിന്തിരി കത്തുന്നു.
മുന്‍കാലങ്ങളില്‍ പ്രധാന പാതയോരങ്ങളില്‍ പടര്‍ന്നുപന്തലിച്ചു തണല്‍ വിരിച്ചിരുന്ന കൊടുക്കാപ്പുളിമരം ഇന്നു ജില്ലയുടെ കിഴക്കന്‍മേഖലയുടെ നൊസ്റ്റാള്‍ജിയയാണ്. ആര്‍ക്കും വേണ്ടാത്ത മുള്മരമായാണ് നമ്മളിതിനെ കണ്ടിരുന്നത്.
സ്ഥലംമുടക്കിയായ മരം വെട്ടിമാറ്റി പല കൃഷിയിലേക്കും മാറിയപ്പോള്‍ വലിയൊരു ബിസിനസ് സംരംഭമാണ് നാം തുലച്ചുകളഞ്ഞത്.
നമ്മള്‍ക്കിതു വെറും നൊസ്റ്റാള്‍ജിയ മാത്രമാണെങ്കില്‍ തമിഴ്നാട് അടക്കമുള്ള സംസ്ഥാനങ്ങള്‍ കൊടുക്കാപ്പുളി ബിസിനസില്‍ കൊയ്യുന്നതു ലക്ഷങ്ങള്‍!. തണല്മരമായെങ്കിലും ഇതിനെ നിലനിര്‍ത്തിയിരുന്നെങ്കില്‍ നമുക്കും ഇതു സാധ്യമായിരുന്നു.
ഗൃഹാതുരത്വത്തിന്റെ
പിന്നാമ്പുറം
ഫേസ്ബുക്ക് അടക്കമുള്ള സോഷ്യല്‍ മീഡിയയില്‍ കഴിഞ്ഞ ദിവസങ്ങളിലെ താരമാണ് കൊടുക്കാപ്പുളി.
പടം പോസ്റ്റുചെയ്ത് ഇതിന്റെ വിവരങ്ങളന്വേഷിച്ചവര്ക്കു ലഭിച്ച കമന്റുകളാണ് പാലക്കാട്ടുകാരുടെ നഷ്ടബോധം കൂട്ടുന്നത്. കൊടുക്കാപ്പുളിയുടെ ഗുണഗണങ്ങളും ബിസിനസ് സാധ്യതകളും തുറന്നിടുന്ന സംവാദം തുടരുകയാണ്.
ഓണ്‍ലൈന്‍ വ്യാപാരശൃംഖലയിലൂടെയും കൊടുക്കാപ്പുളിയുടെ വില്പന നടക്കുന്നുണ്ടെന്നറിഞ്ഞു പലരും ഞെട്ടി. കിലോയ്ക്ക് 200 മുതല്‍ 360 രൂപ വരെയാണ് വില!.
പാലക്കാടിന്റെ
തമിഴ്മരം
തമിഴ്നാട്ടിൽ വ്യാപകമായി കാണപ്പെടുന്ന ഈ മുള്‍മരം ഒരുകാലത്ത് തമിഴ് മണ്ണിനോടു സമാനമായ പാലക്കാടിന്റെ കിഴക്കന്‍മേഖലയിലും ധാരാളമുണ്ടായിരുന്നു.
ഗോപാലപുരം വണ്ണാമട ഭാഗത്ത് ഇതിന്റെ കൃഷിയുണ്ടായിരുന്നതായി നാട്ടുകാര്‍ ഇന്നും ഓര്‍ക്കുന്നു. ഇന്നു വാളംപുളി മരങ്ങള്‍ നില്ക്കുന്നതുപോലെ അന്നു വീടുകളിലും തോട്ടങ്ങളിലും പാതയോരങ്ങളിലുമെല്ലാം കൊടുക്കാപ്പുളിമരവും തലയുയര്‍ത്തിനിന്നിരുന്നു.
വനം-വന്യജീവി വകുപ്പ് പൊതുജനങ്ങള്‍ക്കു വിതരണംചെയ്തിരുന്ന തൈകളില്‍ കൊടുക്കാപ്പുളിയും ഇടംപിടിച്ചിരുന്നു.
പാലക്കാടിന്റെ മണ്ണിനും വരണ്ട കാലാവസ്ഥയ്ക്കും അനുയോജ്യമായ മരമെന്ന നിലയിലായിരുന്നു തൈകളുടെ വിതരണം അന്നു നടത്തിയത്.
വനം അധികൃതരും ഇടക്കാലത്ത് കൊടുക്കാപ്പുളിയെ കൈയൊഴിഞ്ഞു. കര്‍ഷകരും കൈവിട്ടതോടെ കൊടുക്കാപ്പുളിമരം നാട്ടില്‍ നാമമാത്രമായി. കടുത്ത വരണ്ട കാലാവസ്ഥ ജില്ലയിൽ വീണ്ടുമെത്തുന്പോൾ തണൽ പരത്തേണ്ട മരങ്ങളാണ് ഇതോടെ ഇല്ലാതായത്.
കൊടുക്കാപ്പുളിച്ചുവട്
പുളിഞ്ചുവട്, ആലിൻചുവട് എന്ന പേരുകളുള്ള സ്ഥലങ്ങൾ കേരളത്തിലെന്പാടുമുണ്ട്. കൊടുക്കാപ്പുളിച്ചുവട് എന്നു പേരുള്ള സ്ഥലം പാലക്കാട് ജില്ലയിലെ ചിറ്റൂരിൽമാത്രം.
ചിറ്റൂർ- വണ്ണാമട റൂട്ടിൽ കച്ചേരിമേട് കഴിഞ്ഞു വാൾവച്ചപാറയുടെ തൊട്ടടുത്ത സ്റ്റോപ്പാണിത്. ഈ സ്ഥലത്തിനു പേരുവന്നതിന് അന്‍പതുവർഷത്തിൽ താഴെമാത്രം പഴക്കമേയുള്ളു. വന്പൻ കൊടുക്കാപ്പുളി മരമായിരുന്നു ഏറെക്കാലം ഇവിടത്തെ ഹൈലൈറ്റ്. കൂട്ടിനായി അഞ്ചോളം കൊടുക്കാപ്പുളിമരങ്ങളും ഇതിനോടു ചേർന്നുണ്ടായിരുന്നെന്നു നാട്ടുകാർ ഇന്നും ഓർക്കുന്നു. ഇന്ന് ഈ മരങ്ങളൊന്നുമില്ലെങ്കിലും നാട്ടുകാരുടെ നൊസ്റ്റാൾജിയയായി കൊടുക്കാപ്പുളിച്ചുവടെന്ന പേര് തുടർന്നുവരുന്നു...