മദ്യപിച്ചുണ്ടായ തര്‍ക്കത്തിനിടെ പരിക്കേറ്റയാള്‍ മരിച്ചു
1415600
Wednesday, April 10, 2024 11:26 PM IST
ആലത്തൂർ: മദ്യപിച്ചുണ്ടായ തര്‍ക്കത്തിനിടെ പരിക്കേറ്റയാള്‍ മരിച്ചു. ചിറ്റിലഞ്ചേരി കടമ്പിടി പാഴിയോട് വീട്ടീല് രതീഷ്(39) ആണ് മരിച്ചത്. സംഭവത്തില്‍ അയല്‍വാസിയായ നൗഫലിനെ(32) ആലത്തൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തു.
ബുധനാഴ്ച വൈകിട്ട് നാലോടെ പാഴിയോട് നൂല് നൂല്‍പ്പ് കേന്ദ്രത്തിനു സമീപമാണ് സംഭവം.
ഇരുവരും രാവിലെ മുതല്‍ മദ്യപിച്ചിരുന്നതായും, തര്‍ക്കമുണ്ടായതായും പോലീസ് പറയുന്നു. വൈകിട്ടോടെ ഇരുവരും വീട്ടിലേക്ക് നടന്നുവരുന്നത് കണ്ടതായി പ്രദേശവാസികളും പറയുന്നു.
ഇതിനിടെയാണ് വീട്ടിലേക്ക് എത്തുന്നതിന് മുന്‍പായി നൂല്‍നൂല്‍പ്പ് കേന്ദ്രത്തിന്റെ മതിലിനോട് ചേര്‍ന്ന് തലയില്‍ നിന്ന് രക്തം വാര്‍ന്ന നിലയില്‍ രതീഷിനെ കണ്ടെത്തിയത്. ഉടന്‍ തന്നെ ആലത്തൂര്‍ താലൂക്കാശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരിച്ചു. കെട്ടിട നിര്‍മാണ തൊഴിലാളിയാണ് രതീഷ്. അച്ഛന്: പരേതനായ നാരായണന്. അമ്മ: ദേവി. ഭാര്യ: രമണി. മക്കള്‍: അനഘ, അദിശ്. സഹോദരങ്ങള്‍: രജിത. രമ്യ.മൃതദേഹം ആലത്തൂര്‍ താലൂക്കാശുപത്രി മോര്‍ച്ചറിയില്‍.
സംഭവ സ്ഥലം ആലത്തൂര്‍ ഡിവൈഎസ്പി വിശ്വനാഥന്, സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ടി.എന്‍.ഉണ്ണികൃഷ്ണന് എന്നിവര്‍ സന്ദര്‍ശിച്ചു.