പാളം മറികടക്കാൻ നടപടികൾ സ്വീകരിക്കുമെന്ന് റെയിൽവേ
1397505
Tuesday, March 5, 2024 1:26 AM IST
ഒറ്റപ്പാലം: പള്ളം പ്രദേശുത്തുകാർക്ക് പ്രതീക്ഷയുടെ പച്ചവെളിച്ചം. പാളം മുറിച്ചു കടക്കാൻ അടിപ്പാതയോ മേൽപ്പാലമോ നിർമിക്കുന്നതിന് പഠനം നടത്താൻ റെയിൽവേ തീരുമാനിച്ചു.
ഒറ്റപ്പാലം റെയിൽവേ സ്റ്റേഷനും ഭാരതപ്പുഴയ്ക്കും ഇടയിൽ താമസിക്കുന്ന പള്ളം പ്രദേശത്തുകാർക്കാണ് റെയിൽപ്പാളത്തിൽകൂടി നടക്കാതെ യാത്രചെയ്യാൻ സംവിധാനമൊരുക്കാൻ റെയിൽവേ സാധ്യതാപഠനം നടത്തുന്നത്.
കാൽനട മേൽപ്പാലമോ അടിപ്പാതയോ നിർമിക്കേണ്ടതെന്നാണു പരിശോധിക്കുന്നത്. റെയിൽവേയുടെ നേതൃത്വത്തിൽ സംസ്ഥാന സർക്കാരുമായി ചേർന്നാണു പരിശോധന നടത്തുന്നത്.
ദക്ഷിണ റെയിൽവേ ജനറൽ മാനേജരുമായുള്ള യോഗത്തിനുശേഷം വി.കെ. ശ്രീകണ്ഠൻ എംപിക്കു നൽകിയ റിപ്പോർട്ടിലാണ് സാധ്യതാപഠനം നടത്തുന്നുവെന്ന് റെയിൽവേ അധികൃതർ അറിയിച്ചത്. റെയിൽപ്പാളം കടന്നുപോകുന്ന കണ്ണിയംപുറം കനാലിനു സമീപം വഴിയൊരുക്കാനുള്ള സാധ്യതയാണ് എംപി, റെയിൽവേയോട് ആരാഞ്ഞത്.
എന്നാൽ, ഇവിടെ റെയിൽവേ നിയമപ്രകാരം സാധിക്കില്ലെന്നും ആളുകൾ ഇപ്പോൾ റെയിൽ മുറിച്ചു കടക്കുന്നിടത്ത് സാധ്യതാപഠനം നടത്തുന്നുണ്ടെന്നും അറിയിക്കുകയായിരുന്നു. നിലവിൽ റെയിൽവേ സ്റ്റേഷന്റെ ഏറ്റവും അറ്റത്തായി ആർഎസ് റോഡ് അവസാനിക്കുന്ന പ്രദേശത്തുകൂടി ആളുകൾ പാളം മുറിച്ചുകടന്നാണു പള്ളത്തെത്തുന്നത്. മുപ്പതോളം വീടുകളാണ് ഈ പ്രദേശത്തുള്ളത്. ഈ ഭാഗത്താണ് മേൽപ്പാലമുൾപ്പെടെയുള്ള സാധ്യതകൾ തേടുന്നത്. നേരത്തെ ഈ പ്രദേശത്ത് ആളുകൾ പാളം മുറിച്ചു കടക്കുന്നത് സുരക്ഷാ പ്രശ്നമുണ്ടാക്കുന്നുവെന്നു റെയിൽവേ കണ്ടെത്തിയിരുന്നു.
ലോക്കോ പൈലറ്റുമാരുൾപ്പെടെയുള്ള ഉദ്യോഗസ്ഥരുടെ പരാതികളുടെ അടിസ്ഥാനത്തിൽ ഇവിടെ വഴി കെട്ടിയടയ്ക്കാൻ ശ്രമവും നടത്തിയിരുന്നു.
സ്റ്റേഷന് അപ്പുറത്ത് താമസിക്കുന്നവർക്കു വഴിയില്ലാതാകുമെന്നു ചൂണ്ടിക്കാണിച്ച് പ്രതിഷേധമുയരുകയും റെയിൽവേ ശ്രമം ഉപേക്ഷിക്കുകയുമായിരുന്നു. ഉത്തർപ്രദേശിൽ നിന്നുള്ള ഡോക്ടർ രാധാ മോഹൻദാസ് അഗർവാൾ എംപിയുടെ ഇടപെടലാണ് മതിൽ കെട്ടുന്നതിൽ നിന്നും അന്ന് റെയിൽവേ പിന്തിരിപ്പിച്ചത്.