ജില്ലാതല പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ ഉദ്ഘാടനം
1397290
Monday, March 4, 2024 1:12 AM IST
പാലക്കാട് : ദേശീയ പോളിയോ നിർമാർജന പരിപാടിയുടെ ഭാഗമായി നടപ്പാക്കുന്ന പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം പട്ടാന്പി കൊപ്പം സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ മുഹമ്മദ് മുഹ്സിൻ എംഎൽഎ നിർവഹിച്ചു.
ഇന്ത്യയിൽനിന്ന് നിർമാർജനം ചെയ്യപ്പെട്ട പോളിയോ രോഗം അയൽരാജ്യങ്ങളിൽ പലതിലും നിലവിലുള്ളതിനാൽ നമ്മുടെ രാജ്യത്ത് വീണ്ടും പടരാനുള്ള സാഹചര്യം തടയാനാണ് പൾസ് പോളിയോ പരിപാടി നടപ്പാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ ആർസിഎച്ച് ഓഫീസർ ഡോ. എ.കെ. അനിത വിഷയാവതരണം നടത്തി.
പരിശീലനം ലഭിച്ച 6,648 വളണ്ടിയർമാർ മാർച്ച് 3,4,5 തീയതികളിൽ 2,499 ബൂത്തുകൾ, 58 ട്രാൻസിറ്റ് ബൂത്തുകൾ, മൂന്ന് മേള ബസാറുകൾ എന്നിവ ഉപയോഗപ്പെടുത്തിയും ഭവന സന്ദർശനം വഴിയും പൾസ് പോളിയോ തുള്ളിമരുന്ന് നൽകും.
മൂന്ന് ദിവസം കൊണ്ട് ജില്ലയിലെ അഞ്ച് വയസിൽ താഴെയുള്ള 2,01,604 കുട്ടികൾക്ക് തുള്ളി മരുന്ന് നൽകാനാണ് ലക്ഷ്യമിടുന്നത്.
ജില്ലയിലെ അതിഥി തൊഴിലാളികളുടെ അഞ്ച് വയസിൽ താഴെയുള്ള എല്ലാ കുട്ടികൾക്കും ഈ പരിപാടി വഴി തുള്ളിമരുന്ന് നൽകും.
ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ് എ.ഷാബിറ അധ്യക്ഷയായ പരിപാടിയിൽ പട്ടാന്പി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീത മണികണ്ഠൻ, കൊപ്പം, വിളയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ഉണ്ണികൃഷ്ണൻ, ബേബി ഗിരിജ, കൊപ്പം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ബീന, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ് വത്സല, കുലുക്കല്ലൂർ ഗ്രാമ പഞ്ചായത്ത് മെംബർ ബാലഗംഗാധരൻ, സെപ്യൂട്ടി ജില്ലാ എഡ്യൂക്കേഷൻ ആൻഡ് മീഡിയ ഓഫീസർ ടി.എസ് സുബ്രഹ്മണ്യൻ, എന്നിവർ പങ്കെടുത്തു.