കേരളത്തിൽ പുളിമരത്തിനു പുല്ലുവില
1395847
Tuesday, February 27, 2024 6:10 AM IST
വടക്കഞ്ചേരി: പുളിയിഞ്ചിക്കറിയും വാളംപുളി ചേർത്തുള്ള സാമ്പാറും രുചികരമാകുമ്പോൾ വാളംപുളിയുടെ ഭാവിയൊന്നും മലയാളി ചിന്തിക്കാറില്ല.
മുമ്പൊക്കെ നമ്മുടെ നാട്ടിൻപുറങ്ങളിൽ വാളംപുളി മരങ്ങൾ സമൃദ്ധമായിരുന്നു. ഇന്നതു അപൂർവ കാഴ്ചയായി മാറുകയാണ്.
ഹോട്ടലിലെ അടുക്കളകളിലേക്കും ചെങ്കൽചൂളകളിലേക്കുമായി പുളിമരങ്ങൾ മുറിച്ചു വിറകാക്കുമ്പോൾ സീസണിൽ പോലും ആവശ്യത്തിനുള്ള നല്ല പുളി നാട്ടിൽ കിട്ടാനില്ലാത്ത സ്ഥിതിയാണെന്ന് ഏറെ പതിറ്റാണ്ടുകളായി പുളി വ്യാപാര രംഗത്തുള്ള മുടപ്പല്ലൂരിലെ പൊന്നുസ്വാമി പറഞ്ഞു.
നിയന്ത്രണമില്ലാതെയാണ് പുളിമരങ്ങൾ മുറിച്ചു കടത്തുന്നത്.
യാതൊരു പരിചരണവുമില്ലാതെ താനേ വിളവു തരുന്ന മരം എന്ന പരിഗണന പോലും വാളംപുളി മരങ്ങൾക്കു നൽകുന്നില്ല. ഈയടുത്ത കാലം വരെ കേരളത്തിൽ നിന്നാണ് തമിഴ്നാട്ടിലേക്ക് വാളംപുളി കയറ്റിപ്പോയിരുന്നത്.
എന്നാൽ ഇപ്പോൾ തമിഴ്നാട്ടിൽ നിന്നായി കേരളത്തിലേക്കുള്ള പുളിയുടെ വരവ്. ഓണം, വിഷു പോലെയുള്ള വിശേഷ മാസങ്ങളായാൽ ഈ വരവു കൂടും.
തമിഴ്നാട്ടിൽ തരിശുഭൂമിയിലെല്ലാം വാളംപുളി, മാവ്, പഞ്ഞിക്കായ മരങ്ങൾ എന്നിവ വ്യാപകമായി കൃഷി ചെയ്തുവരുന്നുണ്ട്. ഇതിന് അവിടുത്തെ കൃഷിവകുപ്പിന്റെ സർവ പ്രോത്സാഹനവും പിന്തുണയുമുണ്ട്.
മരം വലുതായി വിളവെടുപ്പ് ആരംഭിക്കുമ്പോൾ മാത്രം വായ്പ തിരിച്ചടയ്ക്കുന്ന പദ്ധതികളാണ് തമിഴ്നാട്ടിലെന്നു പൊന്നുസ്വാമി പറഞ്ഞു.
മറ്റു വിളകളെ പോലെ കോൽപ്പുളിക്കും ഇനി തമിഴ്നാടിനെ ആശ്രയിക്കേണ്ട ഗതികേടിലാണ് മലയാളികൾ. മരത്തിൽ കയറി പുളി പൊട്ടിക്കാൻ ആളെ കിട്ടാത്തതും ഉയർന്ന കൂലിയും വാളംപുളി ബിസിനസ് നഷ്ട കച്ചവടമാവുകയാണെന്ന് മറ്റു പുളി വ്യാപാരികളും പറയുന്നു.
വാളംപുളി അന്യമാകുമ്പോൾ ഒപ്പം നിരവധി സ്ത്രീകളുടെ തൊഴിലും ഇവിടെ ഇല്ലാതാകും. തോടുകളയാനും കുരു കളയാനും പാക്കിംഗിനുമൊക്കെയായി പ്രായമായ നിരവധി സ്ത്രീകളാണ് ഈ മേഖലയിൽ തൊഴിലെടുത്തിരുന്നത്.
തോടോടുകൂടിയ പുളിയ്ക്ക് ഇപ്പോൾ കിലോയ്ക്ക് 15 രൂപയും തോടുകളഞ്ഞതിനു 40 രൂപയും കുരു കളഞ്ഞ പുളിയ്ക്ക് 90 രൂപയുമാണ് വില.
എന്നാൽ കടകളിലെത്തുമ്പോൾ പുളിവില ഇതിലും വളരെ ഉയരും.