നിസഹായരുടെ പ്രതീകമായി വേലുവിന്റെ ബൈക്ക്
1394633
Thursday, February 22, 2024 1:49 AM IST
ഫ്രാൻസിസ് തയ്യൂർ
വടക്കഞ്ചേരി: മംഗലംഡാം കരിങ്കയത്ത് ഫോറസ്റ്റ് ഓഫീസിനടുത്ത് കാട്ടുപന്നി ആക്രമണത്തിൽ മരിച്ച പറശേരി വേലു ( 52 ) വിന്റെ വീടിനുമുന്നിലിരിക്കുന്ന ചുവന്ന ബൈക്ക് കാട്ടുമൃഗങ്ങളുടെ ആക്രമണത്തിൽ കൊല്ലപ്പെടുന്ന നിസഹായരുടെ പ്രതീകമാണ്. അച്ഛന്റെ ഓർമയാണ് ഈ ബൈക്ക്. ഈ ബൈക്ക് ഞങ്ങൾക്ക് വിൽക്കാൻ കഴിയില്ല.
പിഎസ് സി പരീക്ഷയ്ക്ക് തയാറെടുക്കുന്ന മകൾ ജിസ്നയുടെ ഈ വാക്കുകളിലുണ്ട് അച്ഛൻ നഷ്ടപ്പെട്ടതിന്റെ മുഴുവൻ വേദനകളും. അച്ഛൻ ഈ ബൈക്കിൽ റബർ ടാപ്പിംഗിന് പോകുമ്പോഴാണ് പന്നിയുടെ ആക്രമണമുണ്ടായി കൊല്ലപ്പെടുന്നത്. എത്ര കഷ്ടത വന്നാലും ബൈക്ക് വിൽക്കാൻ ഞാൻ സമ്മതിക്കില്ല.
അച്ഛൻ നഷ്ടപ്പെട്ടതിന്റെ വേദന ഇന്നും ഈ മകൾ കരഞ്ഞു തീർക്കുകയാണ്. 2022 ഓഗസ്റ്റ് ഒന്നിനാണ് അച്ഛൻ വേലു മരിച്ചത്. പതിവുപോലെ അതിരാവിലെ ബൈക്കിൽ ചൂരുപാറക്കടുത്തുള്ള തോട്ടത്തിലേക്ക് ടാപ്പിംഗിന് പോകുമ്പോഴായിരുന്നു കാട്ടുപന്നി ആക്രമിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് റോഡിൽ കിടന്ന വേലുവിനെ ആശുപത്രിയിൽ എത്തിക്കാൻ നാട്ടുകാർ സമീപത്തെ ഫോറസ്റ്റ് ഓഫീസിലെ ജീപ്പ് ആവശ്യപ്പെട്ടപ്പോൾ അതിന് വകുപ്പില്ല എന്ന് പറഞ്ഞ് വനപാലകർ ചികിത്സ വൈകിപ്പിച്ചു. പിന്നീട് ഏറെ വൈകി മറ്റൊരു കാർ കൊണ്ടുവന്നാണ് വേലുവിന് ആശുപത്രിയിൽ എത്തിച്ചത്.
യഥാസമയം ചികിത്സ കിട്ടാത്തതിനാൽ വൈകാതെ തന്നെ വേലു മരണത്തിന് കീഴടങ്ങി. മൃതദേഹവുമായി അന്ന് നാട്ടുകാർ മണിക്കൂറുകളോളം ഫോറസ്റ്റ് ഓഫീസിനു മുന്നിൽ പ്രതിഷേധിച്ചു. പിന്നീട് ജനപ്രതിനിധികളും നാട്ടുകാരും ഡിഎഫ്ഒ യുമായി നടത്തിയ ചർച്ചയിൽ 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാമെന്ന് ഉറപ്പു നൽകി. എന്നാൽ ഒരു വർഷം കഴിഞ്ഞപ്പോഴാണ് പ്രഖ്യാപിച്ച തുകയുടെ പകുതിയെങ്കിലും കുടുംബത്തിന് ലഭിച്ചത്. ബാക്കി അഞ്ചു ലക്ഷം രൂപ ഇനിയും നൽകിയിട്ടില്ല. ഫണ്ട് ഇല്ല എന്ന സ്ഥിരം പല്ലവിയാണ് വനംവകുപ്പ് നൽകുന്നത്. വേലുവായിരുന്നു രണ്ട് പെൺമക്കളും ഭാര്യയും ഉൾപ്പെടുന്ന കുടുംബത്തിന്റെ ഏക ആശ്രയം. ഭാര്യ ചെമ്പകം നാട്ടുപണികൾക്ക് പോയി കിട്ടുന്ന വരുമാനം കൊണ്ടാണ് ഇപ്പോൾ കുടുംബം കഴിയുന്നത്.