ജില്ലാതല പട്ടയമേള നാളെ; വിതരണം ചെയ്യുന്നത് 6026 പട്ടയങ്ങൾ
1394504
Wednesday, February 21, 2024 5:46 AM IST
പാലക്കാട്: എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട് എന്ന ലക്ഷ്യത്തോടെ പട്ടയമിഷനും പട്ടയമിഷന്റെ ഭാഗമായ പട്ടയ അസംബ്ലികളും സംയുക്തമായി നടത്തുന്ന ജില്ലാതല പട്ടയമേള ഉച്ചകഴി ഞ്ഞ് മൂന്നിന് മേഴ്സി കോളജ് ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ജില്ലാ കളക്ടർ ഡോ. എസ്. ചിത്ര പത്രസമ്മേളനത്തിൽ അറിയിച്ചു. മന്ത്രിമാരായ കെ. കൃഷ്ണൻകുട്ടി, എം.ബി രാജേഷ് എന്നിവർ പട്ടയവിതരണം നിർവഹിക്കും. 6026 പട്ടയങ്ങളാണ് 22ന് വിതരണത്തിന് തയ്യാറായിട്ടുള്ളത്. സംസ്ഥാനതല ഉദ്ഘാടനം 22 ന് വൈകുന്നേരം മൂന്നിന് തൃശൂർ തേക്കിൻകാട് മൈതാനിയിലെ വിദ്യാർഥി കോർണറിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. റവന്യു വകുപ്പ് മന്ത്രി കെ. രാജൻ അധ്യക്ഷനാകും.
ജില്ലാതലപരിപാടിയിൽ എംപിമാരായ വി.കെ ശ്രീകണ്ഠൻ, രമ്യാ ഹരിദാസ്, ഇ.ടി മുഹമ്മദ് ബഷീർ, എംഎൽഎ മാരായ ഷാഫി പറന്പിൽ, കെ. ബാബു, പി. മമ്മിക്കുട്ടി, മുഹമ്മദ് മുഹ്സിൻ, എ. പ്രഭാകരൻ, കെ.ഡി. പ്രസേനൻ, കെ. പ്രേംകുമാർ, എൻ. ഷംസുദ്ദീൻ, കെ. ശാന്തകുമാരി, പി.പി സുമോദ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോൾ, നഗരസഭ ചെയർപേഴ്സണ് പ്രമീള ശശിധരൻ, നഗരസഭാ വാർഡ് കൗണ്സിലർ മിനി ബാബു, ജില്ലാ കളക്ടർ ഡോ. എസ്. ചിത്ര എന്നിവർ പങ്കെടുക്കും.
ജില്ലയിൽ വിതരണം ചെയ്യുന്നത്
6026 പട്ടയങ്ങൾ
ജില്ലയിൽ വിതരണത്തിനുള്ള 7218 പട്ടയങ്ങളിൽ 1141 എണ്ണം അട്ടപ്പാടിയിലും 51 എണ്ണം തൃത്താലയിലും നേരത്തെ വിതരണം ചെയ്തിട്ടുണ്ട്. ബാക്കിയുള്ള 6026 പട്ടയങ്ങളാണ് ഇനി വിതരണം ചെയ്യുക. ഇതിൽ 6767 ലാൻഡ് ട്രിബ്യൂണൽ പട്ടയങ്ങളും 319 ലാൻഡ് അസൈൻമെന്റ്, ലക്ഷം വീട് പട്ടയങ്ങളും ചിറ്റൂരിലെ 112 മിച്ചഭൂമി പട്ടയങ്ങളും 20 കൈവശ അവകാശ രേഖാ പട്ടയങ്ങളുമാണ്. പാലക്കാട് 162, ചിറ്റൂർ 43, ആലത്തൂർ 28, പട്ടാന്പി 36, ഒറ്റപ്പാലം 28, മണ്ണാർക്കാട് 22 എന്നിങ്ങനെയാണ് താലൂക്ക് അടിസ്ഥാനത്തിൽ വിതരണം ചെയ്യുന്ന ലാൻഡ് അസൈൻമെന്റ്, ലക്ഷംവീട് പട്ടയങ്ങൾ.
പട്ടയഭൂമിയുമായി ബന്ധപ്പെട്ട് നിയമ പ്രശ്നങ്ങളുണ്ടായാൽ പരിഹാരത്തിനായി ജില്ല കളക്ടർ അധ്യക്ഷയായ പ്രത്യേക മിഷൻ ജില്ലയിൽ പ്രവർത്തിക്കുന്നുണ്ട്. കാലതാമസമില്ലാതെ പട്ടയവിതരണം നിലവിൽ സാധ്യമാണ്. ഈ സാഹചര്യത്തിൽ ഇടനിലക്കാരുടെ കെണിയിൽ വീഴാതിരിക്കാൻ പ്രത്യേക ശ്രദ്ധ വേണമെന്നും കളക്ടർ പറഞ്ഞു. മെയ് മാസത്തിൽ എണ്ണായിരത്തോളം പട്ടയം വിതരണത്തിന് തയ്യാറാകുമെന്ന് ഡെപ്യൂട്ടി കളക്ടർ ഡോ. എം.സി. റെജിൽ പറഞ്ഞു.