കോട്ടയമ്പലം റോഡിന്റെ തകർച്ചയ്ക്ക് പരിഹാരം എപ്പോൾ?
1394501
Wednesday, February 21, 2024 5:46 AM IST
മുതലമട : നെണ്ടൻകിഴായ - കോട്ടമ്പലം റോഡ് പള്ളിക്കു മുന്നിൽ ഉണ്ടായ തകർച്ചക്ക് പരിഹാരമില്ല . വാഹന യാത്രക്കാർ സഞ്ചാരം അപകട ഭീഷണിയിലായിരിക്കുകയാണ്. റോഡിലെ വൻ ഗർത്തങ്ങളിലൂടെയുള്ള സഞ്ചാരം ഇരുചക്ര വാഹനന യാത്രികരെയാണ് ഏറെ വിഷമത്തിലാക്കിയിരിക്കുന്നത്. ഈ റോഡിന്റെ പടിഞ്ഞാറു ഭാഗം കൊല്ലങ്കോടും കിഴക്കു വശം മുതലമട പഞ്ചായത്തിലുൾപ്പെടുന്ന പ്രദേശങ്ങളാണ്.
റോഡിലെ വൻ ഗർത്തത്തിൽ വെള്ളം കെട്ടിനിന്നതിനാൽ സമീപത്തെ പള്ളി കമ്മിറ്റി മെറ്റൽ വിരിച്ച് താൽക്കാലിക പരിഹാരം ഉണ്ടാക്കിയിരിക്കുകയാണ്. കൊല്ലങ്കോട് - മുതമട ഗ്രാമസഭകളിൽ റോഡിന്റെ ശോചനീയവസ്ഥക്കു പരിഹാരം കാണണമെന്നാവശ്യപ്പെട്ട് നാട്ടുകാർ സമർപ്പിച്ച പരാതികളും അവഗണിക്കപ്പെട്ട നിലയിലാണ്. ജൂണിൽ മഴ ആരംഭിച്ചാൽ ഇതുവഴി വാഹന യാത്ര അതീവ ദുഷ്കരമാവുമെന്നതും യാത്രക്കാരെ ആശങ്കപ്പെടുത്തുന്നുണ്ട്. ബന്ധപ്പെട്ട രണ്ടു പഞ്ചായത്തുകളും സംയുക്ത മായി റോഡ് നവീകരണം നടത്തണ മെന്നതാണ് ജനകീയാവശ്യമായിരിക്കുന്നത്.