ആനക്കര വടക്കത്തെ വീരവനിതകളുടെ ചരിത്രം പുസ്തകമാവുന്നു
1394199
Tuesday, February 20, 2024 6:56 AM IST
ഷൊർണൂർ : ആനക്കര വടക്കത്ത് തറവാട്ടിലെ സ്വാതന്ത്ര്യ സമര സേനാനികളായ നാലുവീര വനിതകളുടെ ചരിത്രം പുസ്തകമാകുന്നു. പരേതനായ കേണൽ എ.വി.എം. അച്യുതൻ മുഖ്യരക്ഷാധികാരിയായി ആരംഭിച്ച എ.വി. കുട്ടിമാളു അമ്മ ചാരിറ്റബിൾ ട്രസ്റ്റ് വർഷങ്ങൾക്ക് മുൻപ് ആരംഭിച്ച പ്രവർത്തനങ്ങളാണ് ഇപ്പോൾ പുസ്തക രൂപത്തിൽ പ്രസിദ്ധീകൃതമാകുന്നത്.
അമ്മു സ്വാമിനാഥൻ, എ.വി.കുട്ടിമാളു അമ്മ, ക്യാപ്റ്റൻ ലക്ഷ്മി, ജി.സുശീല എന്നിവരുടെ സ്വാതന്ത്ര്യ സമര പോരാട്ടങ്ങളും സ്വാതന്ത്ര്യാനന്തര കാലത്തെ സേവന നിരതമായ തുടർ ജീവിതവുമാണ് നിളാ തടത്തിലെ പെൺ താരകങ്ങൾ എന്ന പേരിൽ രചിക്കപ്പെട്ട ജീവചരിത്ര ഗ്രന്ഥത്തിന്റെ ഉള്ളടക്കം.
ട്രസ്റ്റ് ഭാരവാഹിയും അധ്യാപകനുമായ എം.പി. സതീഷ് രചിച്ച ഈ പുസ്തകം കുട്ടിമാളു അമ്മ ട്രസ്റ്റ് തന്നെയാണ് അച്ചടിച്ച് പ്രസിദ്ധീകരിക്കുന്നത്. ക്യാപ്റ്റൻ ലക്ഷ്മി ഒഴികെ, മറ്റ് മൂന്ന് പേരുടേയും സമര ചരിത്രം വേണ്ട പോലെ രേഖപ്പെടുത്തപ്പെടാത്ത സാഹചര്യത്തിലാണ് ട്രസ്റ്റ് ഇത്തരമൊരു സംരംഭത്തിന് തുടക്കം കുറിച്ചതെന്ന് ചെയർമാൻ പി.എം അസീസ് പറഞ്ഞു.
26ന് വൈകീട്ട് ആറിന് കുമ്പിടിയിൽ നടക്കുന്ന ചടങ്ങിൽ പ്രൊഫ.എം.എൻ. കാരശ്ശേരി പുസ്തകത്തിന്റെ പ്രകാശനം നിർവ്വഹിക്കും. ജി.സുശീല ഉൾപ്പടെയുള്ള സ്വാതന്ത്ര്യ സമര സേനാനികളുടെ സഹയാത്രികയായിരുന്ന ജ്യോതി മേനോൻ പുസ്തകം ഏറ്റുവാങ്ങും. സ്വാഗത സംഘ യോഗം പി.എം. അസീസ് ഉദ്ഘാടനം ചെയ്തു. യു.പി. ശ്രീധരൻ അധ്യക്ഷനായി.
സി.കെ നാരായണൻ നമ്പൂതിരി, എ.ജയദേവൻ, എം.കെ ബാലകൃഷ്ണൻ, പ്രൊഫ. കുഞ്ഞഹമ്മദ്, പി.സി.രാജു, പി.ഗീത, പ്രഭാകരൻ, ജ്യോതി പുൽപ്രവളപ്പിൽ, ശശി പന്നിക്കോട്ടിൽ എന്നിവർ പ്രസംഗിച്ചു.