വിദ്യാർഥികൾക്കായി മദർ തെരേസ സേവന പുരസ്കാരം, ജില്ലാതല ഉദ്ഘാടനം
1376397
Thursday, December 7, 2023 1:21 AM IST
മംഗലം ഡാം : ഫാ.ഡേവിസ് ചിറമ്മേൽ ട്രസ്റ്റിന്റെ നേതൃത്വത്തിലുള്ള വിദ്യാർഥികളുടെ സാമൂഹിക സേവന പുരസ്കാര പദ്ധതിക്ക് തുടക്കം കുറിച്ചു.
കുട്ടികളിൽ സാമൂഹിക സേവനത്തിനുള്ള നന്മ പകർന്ന് നല്കുക എന്ന ലക്ഷ്യവുമായി ഏഴ് മാസം നീണ്ടു നില്ക്കുന്ന പ്രവർത്തന പദ്ധതിയാണ് ട്രസ്റ്റ് നടത്തുന്നത്.
ഓരോ സ്കൂളിൽ നിന്നും യുപി, ഹൈസ്കൂൾ വിഭാഗങ്ങളിലായി അഞ്ച് വീതം കുട്ടികളെയാണ് പ്രവർത്തനങ്ങൾ വിലയിരുത്തി തെരഞ്ഞെടുക്കുക. ഇവർക്ക് 5000 രൂപയുടെ ക്യാഷ് അവാർഡും ട്രോഫിയും സർട്ടിഫിക്കറ്റും സമ്മാനിക്കും.
തുടർന്ന് സംസ്ഥാന തലത്തിൽ ഏറ്റവുമധികം സേവന മികവുള്ള വിദ്യാർഥിക്ക് ഒരു ലക്ഷം രൂപയുടെ ക്യാഷ് അവാർഡാണ് നല്കുന്നത്.
കൂടാതെ സംസ്ഥാന തലത്തിൽ വിജയിക്കുന്നവർക്ക് മാതാപിതാക്കളോടൊപ്പം കൊൽക്കൊത്തയിലെ മദർ തെരേസ അന്ത്യവിശ്രമം കൊള്ളുന്ന കബറിടം സന്ദർശിക്കുന്നതിനും അവസരം ലഭിക്കും.
സംസ്ഥാനത്ത് 130ലേറെ സ്കൂളുകളാണ് ഈ പദ്ധതിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. പാലക്കാട് ജില്ലയിൽ ഒമ്പത് സ്കൂളുകളിലെ വിദ്യാർഥികൾ സേവന രംഗത്തെ മികവ് തെളിയിക്കാൻ രംഗത്തുണ്ട്.
മദർ തെരേസ സേവന പുരസ്കാരത്തിന്റെ ജില്ലാതല ഉദ്ഘാടനം മംഗലംഡാം ലൂർദ്ദ് മാതാ ഹൈസ്ക്കൂളിൽ നടന്നു.
ഹെഡ്മിസ്ട്രസ് സിസ്റ്റർ ജോസി ടോം ഉദ്ഘാടനം നിർവഹിച്ചു. പ്രേഗ്രാം ജില്ലാ എക്സിക്യുട്ടീവ് ഷാജി വർക്കി പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു.
സ്കൂൾ കോ-ഓർഡിനേറ്റർ സിസ്റ്റർ ലിയോ മേരി, അധ്യാപിക ജോയ്സി എന്നിവർ സംസാരിച്ചു.