സെപ്റ്റിക് ടാങ്കിൽ വീണ ഗർഭിണിയായ പശുവിനെ രക്ഷപ്പെടുത്തി
1376107
Wednesday, December 6, 2023 1:18 AM IST
വടക്കഞ്ചേരി: കിഴക്കഞ്ചേരിയിൽ സെപ്റ്റിക് ടാങ്കിൽ വീണ പശുവിനെ ജെസിബി ഉപയോഗിച്ച് രക്ഷപ്പെടുത്തി. കിഴക്കഞ്ചേരി നെടുംപറമ്പത്ത് ക്ഷേത്രത്തിനു പിൻവശത്തെ സ്വകാര്യ വ്യക്തിയുടെ പണിതീരാത്ത വീടിനു സമീപമുള്ള സെപ്റ്റിക് ടാങ്കിലാണ് ഗർഭിണിയായ പശുവീണത്. ഇന്നലെ രാവിലെയായിരുന്നു സംഭവം. കിഴക്കഞ്ചേരി-മുണ്ടകശേരി നാരായണൻകുട്ടിയുടെ പശുവാണ് സ്ലാബ് തകർന്ന് കുഴിയിൽപെട്ടത്.
ഇവിടെ കാടുമൂടി കിടക്കുകയായിരുന്നു. വടക്കഞ്ചേരി അഗ്നിശമനസേനയെ വിവരമറിയിച്ച് അവർ സ്ഥലത്തെത്തി ഒരു മണിക്കൂറോളം പരിശ്രമച്ചെങ്കിലും കുടുങ്ങിക്കിടന്ന പശുവിനെ രക്ഷിക്കാനായില്ല.
പിന്നീട് ജെസിബി കൊണ്ടുവന്ന് അതിന്റെ സഹായത്തോടെ ഫയർഫോഴ്സിന്റെ വടം കെട്ടിയാണ് പശുവിനെ ഉയർത്തിയത്. വീഴ്ചയിൽ പശുവിന്റെ കാലുകൾക്ക് പരിക്കേറ്റു.
വടക്കഞ്ചേരി ഫയർഫോഴ്സിലെ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ കെ.എസ്. ഹരി, സീനിയർ ഫയർ ആൻഡ് റസ്ക്യു ഓഫീസർ ഷാബു ജോർജ്, ഫയർ ആൻഡ് റസ്ക്യു ഓഫീസർമാരായ സി. സന്ദീപ്, ആർ. രമേഷ്, കെ.നിതീഷ്, ആർ. ബിജുമോൻ, പി.ഹരികൃഷ്ണൻ, ഡ്രൈവർമാരായ സ്റ്റാലിൻ ചന്ദ്രബോസ്, കൃഷ്ണപ്രസാദ് എന്നിവർ അടങ്ങുന്ന സംഘമാണ് പശുവിനെ രക്ഷപ്പെടുത്തിയത്.