ഒറ്റപ്പാലം താലൂക്ക് ആശുപത്രിയുടെ പ്രവർത്തനം അവതാളത്തിൽ തന്നെ
1376014
Tuesday, December 5, 2023 6:40 AM IST
ഒറ്റപ്പാലം: താലൂക്ക് ആശുപത്രിയുടെ പ്രവർത്തനം വീണ്ടും പഴയപടിയിൽ തന്നെ. വകുപ്പ് മന്ത്രിയുടെ സന്ദർശനവും ഗുണം ചെയ്തില്ല. താലൂക്ക് ആശുപത്രിയിൽ നിർധന രോഗികൾക്ക് നേത്രശസ്ത്രക്രിയ തുടങ്ങാനും കൂടുതൽ ഡോക്ടർമാരെ നിയമിക്കാനുമുള്ള തീരുമാനമാണ് ഫലം കാണാത്തത്.
നേത്രരോഗ ശസ്ത്രക്രിയ വീണ്ടും തുടങ്ങുന്നതിന് ഡോക്ടർമാരുടെ കുറവാണ് പ്രതിസന്ധി സൃഷ്ടിക്കുന്നതെന്നാണ് അധികൃതർ പറയുന്നത്. കഴിഞ്ഞ ദിവസം നടന്ന താലൂക്ക് വികസന സമിതി യോഗത്തിൽ ഇക്കാര്യം ആരോഗ്യവകുപ്പധികൃതർ അറിയിച്ചിരുന്നു. സൗകര്യങ്ങളെല്ലാമുണ്ടായിട്ടും തിമിര ശസ്ത്രക്രിയകൾ നടക്കുന്നില്ലെന്ന ആരോപണമുയർന്നതിന് പിന്നാലെയായിരുന്നു ഇക്കാര്യത്തിൽ അധികൃതരുടെ മറുപടി.
അത്യാഹിത വിഭാഗത്തിൽ മെഡിക്കൽ ഓഫീസർമാരെ ലഭിക്കുന്ന മുറയ്ക്ക് മാത്രമേ ശസ്ത്രക്രിയ പുനരാരംഭിക്കാൻ കഴിയുകയുള്ളുവെന്നാണ് സൂപ്രണ്ട് ഇൻ ചാർജുള്ള ഡോക്ടർ പറയുന്നത്.
സ്പെഷ്യലിസ്റ്റ് ഡോക്ടർമാരെ മുഴുവൻ അത്യാഹിത വിഭാഗത്തിൽ മെഡിക്കൽ ഓഫീസർമാരായി നിയോഗിക്കേണ്ട സാഹചര്യമാണ്. ആരോഗ്യ മന്ത്രിയടക്കം സന്ദർശനം നടത്തിയിട്ടും അടിസ്ഥാന സൗകര്യങ്ങളിൽ മാറ്റമുണ്ടായിട്ടില്ലെന്ന് വിമർശനമുയർന്നിട്ടുണ്ട്.
താലൂക്ക് സമിതിയിലും ഇക്കാര്യം പ്രതിനിധികൾ ആരോപിച്ചിരുന്നു. രോഗികളെ മറ്റു ആശുപത്രികളിലേയ്ക്ക് പറഞ്ഞയക്കുന്നത് സ്വകാര്യ ആശുപത്രികളെ സഹായിക്കാനാണെന്ന് സംശയിക്കേണ്ടതായും പ്രതിനിധികൾ ആരോപിച്ചിരുന്നു.
ഒറ്റപ്പാലം താലൂക്ക് ആശുപത്രിക്കെതിരെ വ്യാപകമായ പരാതികൾ നിലനില്ക്കുന്നുണ്ട്. ഒരു ജനപ്രതിനിധിയടക്കം മൂന്നുപേർക്കെതിരെ ആശുപത്രി സൂപ്രണ്ട് തന്നെ പോലീസിൽ പരാതി നല്കി കേസെടുപ്പിച്ചത് വലിയ വിവാദം ഉയർത്തിയിരുന്നു.
ഇതിനു പുറകെ ഒറ്റപ്പാലം സബ് കളക്ടർ അർധരാത്രിയിൽ താലൂക്ക് ആശുപത്രിയിൽ പരിശോധന നടത്തിയിരുന്നു.
ജില്ലാ മെഡിക്കൽ ഓഫീസറും ഇവിടെ പരിശോധന നടത്തിയിരുന്നു.
ഇതിനു പുറകെ വകുപ്പ് മന്ത്രി തന്നെ നേരിട്ട് വന്ന് മതിയായ നിർദേശങ്ങൾ നല്കിയിട്ടും ആശുപത്രിയുടെ പ്രവർത്തനങ്ങൾ താറുമാറായി തന്നെയാണ് കിടക്കുന്നതെന്നാണ് ജനങ്ങളുടെ പരാതി.