ലക്കിടി റെയിൽവേ മേൽപ്പാലം യാഥാർഥ്യമാകില്ല?
1375186
Saturday, December 2, 2023 2:07 AM IST
ഒറ്റപ്പാലം: തൃശൂർ– പാലക്കാട് ജില്ലകളെ ബന്ധിപ്പിക്കുന്ന ലക്കിടിയിൽ റെയിൽവേ മേൽപ്പാലം യാഥാർഥ്യമാകാൻ ഇനിയും ഏറെ കാത്തിരിക്കേണ്ടി വരും.
നിലവിലുള്ള പാലത്തിന്റെ കിഴക്കുഭാഗത്തുകൂടെ മേൽപ്പാലം ഉൾപ്പെടെയുള്ള പദ്ധതിക്കായി പ്രാഥമിക ധാരണയായെങ്കിലും പിന്നീടിതുവരെ ഒരു തുടർ നടപടിയും ഉണ്ടായിട്ടില്ല.
സംസ്ഥാനത്ത് മേൽപ്പാലങ്ങളിൽ പലതിന്റെയും നിർമാണം പാതിയിൽ നിലച്ച സാഹചര്യത്തിൽ വൻതുക വേണ്ട ലക്കിടി മേൽപാലം അടുത്തൊന്നും റെയിൽവേയുടെ പരിഗണനയിൽ വരില്ലെന്നാണ് സൂചന.
പ്രതിദിനം 70– 75 ട്രെയിനുകൾ കടന്നു പോകുന്ന ലക്കിടിയിൽ ഗേറ്റ് അടച്ചിടുന്നതോടെ വാഹനങ്ങളുടെ നീണ്ടനിര പതിവു കാഴ്ചയാണ്. സ്കൂൾ- കോളജ് ബസുകളും ഇരുവശത്തും കുടുങ്ങിക്കിടക്കാറുണ്ട്.
ട്രെയിനിൽ പോകേണ്ടവർക്കും ഗേറ്റ് അടച്ചാൽ സ്റ്റേഷനിൽ എത്താൻ പറ്റാതെ വരും. 1975ൽ തുറന്ന ലക്കിടി പാലത്തിനു കൂടി ബദലായിട്ടാണ് നിർദിഷ്ട മേൽപ്പാലം. 288 മീറ്റർ നീളവും 6 മീറ്റർ വീതിയുമുള്ള നിലവിലെ പാലത്തിന്റെ തൂണുകളിൽ വിള്ളൽ വീണിരിക്കുകയാണ്. വർഷങ്ങൾക്കുമുന്പ് നടന്ന മണലെടുപ്പാണു കാരണം.
മേൽപ്പാലത്തിനായി നാട്ടുകാരുടെ നേതൃത്വത്തിൽ കർമ സമിതി രൂപീകരിച്ച് കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കു നിവേദനം നൽകിയിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിൽ മന്ത്രി കെ. രാധാകൃഷ്ണനും എംഎൽഎമാരും ജനപ്രതിനിധികളും മരാമത്ത് പാലം വിഭാഗം ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ച ശേഷമാണ് പദ്ധതിക്കു പ്രാഥമിക ധാരണയായത്.
സംസ്ഥാന ബജറ്റിൽ 20 കോടി രൂപ വകയിരുത്തുകയും സ്ഥല പരിശോധന അടക്കമുള്ള പ്രാരംഭ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തിരുന്നു. എന്നാൽ പിന്നീട് നടപടി ഉണ്ടായിട്ടില്ല.
പാലക്കാട് ജില്ലയിലെ ലക്കിടിയേയും തൃശൂർ ജില്ലയിലെ തിരുവില്വാമലയേയും കൂട്ടി ബന്ധിപ്പിക്കുന്ന പാലത്തിന് തൊട്ടടുത്താണ് റെയിൽവേ മേൽപ്പാലം നിർമിക്കേണ്ടതായിട്ടുള്ളത്.