നവകേരള സദസ് ഇന്ന് ജില്ലയിൽ; തൃത്താല മണ്ഡലത്തിൽ തുടക്കം
1374848
Friday, December 1, 2023 1:36 AM IST
പാലക്കാട്: മുഖ്യമന്ത്രിയും മന്ത്രിമാരും മണ്ഡലാടിസ്ഥാനത്തിൽ ജനങ്ങളുമായി നേരിട്ട് സംവദിക്കാനെത്തുന്ന നവകേരള സദസ് ഇന്ന് തൃത്താല, പട്ടാന്പി, ഷൊർണൂർ, ഒറ്റപ്പാലം നിയോജകമണ്ഡലങ്ങളിൽ നടക്കും.
രാവിലെ 11 ന് തൃത്താല നിയോജകമണ്ഡലതല നവകേരള സദസ് ചാലിശേരി അൻസാരി ഓഡിറ്റോറിയം പരിസരത്തും വൈകിട്ട് മൂന്നിന് പട്ടാന്പി നിയോജകമണ്ഡലതല സദസ് ശ്രീ നീലകണ്ഠ ഗവ. സംസ്കൃത കോളജിലും വൈകുന്നേരം 4.30 ന് ഷൊർണൂർ നിയോജകമണ്ഡലതല സദസ് ചെർപ്പുളശേരി ജിഎച്ച്എസ്എസ് ഗ്രൗണ്ടിലും വൈകിട്ട് 5.30 ന് ഒറ്റപ്പാലം നിയോജകമണ്ഡലതല സദസ് ചിനക്കത്തൂർ കാവ് മൈതാനത്തും നടക്കും.
ഗ്രീൻ പ്രോട്ടോകോൾ പാലിച്ചായിരിക്കും പരിപാടി നടത്തുക.
രാവിലെ ഒൻപതിന് ഷൊർണൂർ മണ്ഡലത്തിൽ കുളപ്പുള്ളി പള്ളിയാലിൽ ഓഡിറ്റോറിയത്തിലെ പ്രഭാതയോഗത്തോടെയാണ് ജില്ലയിലെ നവകേരള സദസിന് തുടക്കമാവുക.
പ്രഭാതയോഗത്തിൽ നിയോജകമണ്ഡലങ്ങളിലെ വിവിധ മേഖലകളിലെ പ്രത്യേകം ക്ഷണിക്കപ്പെട്ട അതിഥികളുമായി മുഖ്യമന്ത്രിയും മന്ത്രിമാരും വിവിധ മേഖലകളിലെ പ്രശ്നങ്ങൾ ചർച്ച ചെയ്യും.
ഒരു മണ്ഡലത്തിൽ
20 കൗണ്ടറുകൾ
നവകേരള സദസിൽ പൊതുജനങ്ങൾക്ക് നിവേദനങ്ങൾ നൽകുന്നതിനുള്ള പ്രത്യേകം കൗണ്ടറുകൾ മൂന്ന് മണിക്കൂർ മുൻപ് പ്രവർത്തനം ആരംഭിക്കും. എല്ലാ മണ്ഡലങ്ങളിലും പരാതികൾ സ്വീകരിക്കാൻ 20 കൗണ്ടറുകൾ വീതമാണ് സജ്ജീകരിക്കുക.
ഇതിൽ ഭിന്നശേഷി, വയോജനങ്ങൾ, വനിതകൾ എന്നിവർക്ക് പ്രത്യേക കൗണ്ടറുകൾ സജ്ജീകരിച്ചിട്ടുണ്ട്. ഒരു കൗണ്ടറിൽ രണ്ട് ജീവനക്കാർ വീതം ഉണ്ടായിരിക്കും. പൊതുജനങ്ങൾ വെള്ളക്കടലാസിൽ എഴുതിയ നിവേദനങ്ങൾ കൗണ്ടറുകളിൽ നൽകുന്ന പക്ഷം രശീതി കൈപ്പറ്റാവുന്നതാണ്.
തിരക്ക് നിയന്ത്രിക്കാൻ
500 വോളന്റിയർമാർ
തിരക്ക് നിയന്ത്രിക്കാൻ 500 ഓളം വോളന്റിയർമാരെയാണ് ഓരോ നിയോജകമണ്ഡലത്തിലും സംഘാടക സമിതിയുടെ നേതൃത്വത്തിൽ സജ്ജമാക്കിയിരിക്കുന്നത്.
സന്നദ്ധ പ്രവർത്തകർ, പട്ടാന്പി മണ്ഡലത്തിലെ മൂന്ന് കോളജുകളിലെ എൻഎസ്എസ്, എൻസിസി കേഡറ്റ്സ്, വാതിൽപ്പടി വോളന്റിയർമാർ, സിവിൽ ഡിഫൻസ് പ്രവർത്തകർ എന്നിവരാണ് വോളന്റിയർമാരായി പ്രവർത്തിക്കുന്നത്.
തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പ്രധാന കവാടം വരെ മാത്രമെ വാഹനങ്ങൾക്ക് പ്രവേശനം ഉണ്ടാകൂ. പ്രധാന വേദികളിൽ 5000 പേർക്ക് ഇരിക്കാനും പതിനായിരത്തോളം പേർക്ക് തിരക്കില്ലാതെ നിൽക്കാനുമുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
മെഡിക്കൽ സംവിധാനവും ശുചീകരണ സംവിധാനങ്ങളും എല്ലായിടത്തും ഒരുക്കിയിട്ടുണ്ട്.