പൊതുമരാമത്തിന്റെ ദിശ സൂചികകൾ മറച്ച് വഴിയോര കച്ചവട സ്ഥാപനങ്ങൾ
1339848
Monday, October 2, 2023 12:43 AM IST
നെന്മാറ: സംസ്ഥാനപാതയിൽ പൊതുമരാമത്ത് സ്ഥാപിച്ച ദിശ സൂചികകൾ മറച്ച് വഴിയരികിൽ വ്യാപാരസ്ഥാപനങ്ങൾ കെട്ടിപ്പൊക്കുന്നു.
മംഗലം - ഗോവിന്ദാപുരം സംസ്ഥാന പാതയിൽ നെന്മാറയിലെ വല്ലങ്ങി ബൈപ്പാസ് ആരംഭിക്കുന്ന കേരള വാട്ടർ അഥോറിറ്റി ഓഫീസിന് എതിർവശത്തുള്ള സ്ഥലത്താണ് ദിശ ബോർഡ് മറച്ച് വ്യാപാര സ്ഥാപനം ഉണ്ടാക്കിയിരിക്കുന്നത്.
രാത്രിയിലും വെളിച്ചത്തിൽ തിളങ്ങുന്ന ദിശാസൂചികയാണ് ഇതുമൂലം മറഞ്ഞു പോയത്.
പൊള്ളാച്ചി, പഴനി, കൊല്ലങ്കോട്, ചിറ്റൂർ, ഗോവിന്ദാപുരം തുടങ്ങി ദൂര ദിക്കുകളിലേയ്ക്ക് പോകുന്ന അന്തർ സംസ്ഥാന പാതയിൽ വല്ലങ്ങി ടൗണിലേക്കുള്ള റോഡും ബൈപ്പാസ് റോഡും ആരംഭിക്കുന്ന ജംഗ്ഷനിലെ ദിശ സൂചികയാണ് മറഞ്ഞു കിടക്കുന്നത്.
ഇതുമൂലം നിരവധി വാഹനങ്ങൾ തൊട്ടുമുന്നിലെ വീതി കൂടിയ റോഡിലേയ്ക്ക് വഴിതെറ്റി രാപ്പകൽ ഭേദമന്യേ വല്ലങ്ങി ടൗണിൽ കയറി കുടുങ്ങി യാത്ര ചെയ്യേണ്ടി വരുന്നു.
തമിഴ്നാട്ടിലേയ്ക്ക് പോകുന്ന റോഡ് ആയതിനാൽ ഇത്തരത്തിൽ വഴിതെറ്റി പോകുന്ന സ്ഥലങ്ങളിലെ ബോർഡുകൾ മറച്ച് വ്യാപാരം നടത്തുന്നത് സ്ഥാപനത്തെ നിയന്ത്രിക്കുന്നതിനോ ദീർഘദൂര യാത്രക്കാരുടെ വിലപ്പെട്ട സമയവും ഇന്ധനവും കളയുന്ന സാഹചര്യം ഒഴിവാക്കാൻ പോലീസ്, പൊതുമരാമത്ത്, മോട്ടോർ വാഹന വകുപ്പ് എന്നിവർ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് നിരവധി യാത്രക്കാർ പരാതിപ്പെടുന്നു.
പലരും വഴിതെറ്റി വല്ലങ്ങി ടൗണിൽ എത്തി വ്യാപാരികളോടും വഴിയിൽ കാണുന്നവരോടും ചോദിച്ച ശേഷമാണ് പൊള്ളാച്ചി പഴനി റൂട്ട് കണ്ടുപിടിക്കുന്നത്.
ഇത്തരത്തിൽ വാഹനങ്ങൾ തെറ്റായി വല്ലങ്ങി ടൗണിൽ എത്തുന്നത് ഗതാഗത കുരുക്കിനും വഴിവെക്കുന്നു.
കേരളത്തിൽ നിന്ന് തമിഴ്നാട്ടിലേയ്ക്ക് പോകുന്ന യാത്രക്കാരും തമിഴ്നാട്ടിൽ നിന്ന് ഗുരുവായൂർ, തൃശ്ശൂർ, നെല്ലിയാമ്പതി എന്നിവിടങ്ങൾ സന്ദർശിച്ച് മടങ്ങിപ്പോകുന്ന യാത്ര വാഹനങ്ങളാണ് സ്ഥിരമായി ദിശാബോർഡ് മറഞ്ഞിരിക്കുന്നതിനാൽ ബുദ്ധിമുട്ടിലാകുന്നത്.