കൊഴിഞ്ഞാമ്പാറ മേഖലയിൽ മോഷ്ടാക്കൾ വിലസുന്നു., ജനം പരിഭ്രാന്തിയിൽ !
1339548
Sunday, October 1, 2023 1:51 AM IST
കൊഴിഞ്ഞാമ്പാറ : താലൂക്കിന്റെ കിഴക്കൻ അതിർത്തി ഗ്രാമീണ മേഖല കേന്ദ്രീകരിച്ച് മോഷ്ടാക്കൾ വിലസുന്നതിൽ നാട്ടുകാർ ഭീതിയിൽ. ഈ മാസം മാത്രം കൊഴിഞ്ഞാമ്പാറ പോലീസ് സ്റ്റേഷൻ പരിധിയിൽ നാലിടത്താണ് മോഷണം സംഭവം നടന്നിരിക്കുന്നത്.
ഇക്കഴിഞ്ഞ മൂന്നിന് പുലർച്ചെ കൊഴിഞ്ഞാമ്പാറ മണിമുത്ത് നഗറിലെ കുമാറിന്റെ വീട് കുത്തിത്തുറന്ന് മൂന്നര പവൻ സ്വർണവും 2500 രൂപയും കവർന്നു. വീട്ടുകാർ തമിഴ്നാട്ടിലെ ബന്ധുവിന്റെ കല്യാണത്തിന് പോയി തിരിച്ചുവന്ന സമയത്താണ് വീട് കുത്തിതുറന്ന് മോഷണം നടത്തിയതായി കണ്ടത്.
വിവരമറിയിച്ചതിനെ തുടർന്ന് പോലീസും വിരലടയാള വിദഗ്ധരും പരിശോധന നടത്തിയെങ്കിലും പ്രതികളെ പ്രതി കളെക്കുറിച്ച് സൂചനകളെന്നും ലഭിച്ചിട്ടില്ല. 10ന് രാത്രി വേലന്താവളം ബാബുജി നഗറിൽ സുരേഷ് കുമാറിന്റെ വീട്ടിലും വാതിൽ കുത്തി തുറന്ന് മുന്ന് പവൻ സ്വർണ മാലയും രണ്ട് വെള്ളി വിളക്കുകളും മോഷ്ടിച്ചു.
14ന് സത്രം വേട്ടക്കാരൻ ച്ചള്ളയിൽ വീടിനോട് ചേർന്ന് പെട്ടിക്കട നടത്തുന്ന ആഞ്ജലീന ജനീറ്റയുടെ മൂന്നര പവൻ സ്വർണ മാല ബൈക്കിലെത്തിയ സംഘം പൊട്ടിച്ചു കടന്നു കളഞ്ഞു.
25 ന് കൊഴിഞ്ഞാമ്പാറ കുള്ളരായംപാളയത്ത് വീടിനോട് ചേർന്ന് പെട്ടികട നടത്തുന്ന ലക്ഷ്മിയുടെ മൂന്ന് പവനോളം സ്വർണമാല ബൈക്കിലേത്തി പൊട്ടിച്ചു കവർച്ച സംഘം രക്ഷപ്പെട്ടു.
ഒറ്റപ്പെട്ട് കിടക്കുന്ന വീടുകളും സിസിടിവി ക്യാമറകൾ ഇല്ലാത്ത ഗ്രാമീണ പ്രദേശങ്ങളും കേന്ദ്രീകരിച്ചാണ് മോഷ്ടാക്കൾ വിലസുന്നത്.
ഇതിനു മുൻപുള്ള മാസങ്ങളിലും സമാന രീതിയിലുള്ള മോഷണങ്ങൾ നടന്നിട്ടുണ്ടെങ്കിലും ഇതിനും ഒരു തുമ്പും കിട്ടിയിട്ടില്ല. ജില്ലയിൽ കൂടുതൽ അതിർത്തി പങ്കിടുന്ന പൊലീസ് സ്റ്റേഷനുകളിലൊന്നാണ് കൊഴിഞ്ഞാമ്പാറ, അതിർത്തി ചെക്പോസ്റ്റുകളും നൂറിലധികം ഊടുവഴികളുമുള്ള മേഖലയിൽ കേസ് അന്വേഷണത്തിനു തന്നെ പൊലീസുകാരെ തികയാത്ത സ്ഥിതിയാണ്.
പ്രദേശത്ത് കുറ്റകൃത്യങ്ങൾ പെരുകുന്ന സാഹചര്യ ത്തിൽ സ്റ്റേഷനിൽ ജീവനക്കാരുടെ എണ്ണം ഗണ്യമായ തോതിൽ വർധിപ്പിക്കണമെന്നത് ജനകീയാവശ്യമായിരിക്കുകയാണ്.