ബൈക്കിൽ കാട്ടുപന്നിയിടിച്ച് കർഷകന് പരിക്കേറ്റു
1339363
Saturday, September 30, 2023 1:13 AM IST
നെന്മാറ: ബൈക്കിൽ കാട്ടുപന്നിയിടിച്ച് കർഷകന് പരിക്കേറ്റു. അയിലൂർ തിരുവഴിയാട് ഇടശേരി പറമ്പ് കെ. ജയരാജനാണ് കാട്ടുപന്നിയുടെ ആക്രമണത്തിൽ ഗുരുതര പരിക്കേറ്റത്. കഴിഞ്ഞദിവസം നെൽപാടത്ത് തളിക്കുന്നതിനായി കീടനാശിനി വാങ്ങാൻ ഇരുചക്ര വാഹനത്തിൽ വീട്ടിൽ നിന്നും നെന്മാറയിലേക്ക് പോകുന്ന വഴിയിൽ തിരുവഴിയാട് പുഴപാലത്തിന് സമീപം റോഡിന് സമീപത്തു നിന്നും ഓടിവന്ന കാട്ടുപന്നി ഇരുചക്ര വാഹനത്തിൽ ഇടിച്ച് ജയരാജനെ ആക്രമിക്കുകയായിരുന്നു.
രാവിലെ 8.45 നായിരുന്നു സംഭവം. തൊട്ടുപിറകെ വന്ന മറ്റു വാഹന യാത്രക്കാരാണ് പരിക്കേറ്റ് കിടന്ന ജയരാജനെ നെന്മാറയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. തെറിച്ച് റോഡിൽ വീണ ജയരാജന്റെ തോളെല്ലിനും വാരിയെല്ലിനും വലതുകൈ എല്ലിനും പൊട്ടലും നട്ടെല്ലിന് ക്ഷതവും ഏറ്റിട്ടുണ്ട്. കാൽമുട്ടുകൾക്കും പരിക്കേറ്റിട്ടുണ്ട്. ജയരാജന്റെ ഇരുചക്ര വാഹനത്തിന്റെ മുൻവശവും ചക്രങ്ങൾക്കും കേടുപറ്റി.
ദീർഘനാളത്തെ ചികിത്സ വേണ്ടിവരുമെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. തിരുവഴിയാട് സെക്ഷൻ ഫോറസ്റ്റ് ഓഫീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് ചികിത്സാ സഹായത്തിനായി ഓൺലൈൻ മുഖേന അപേക്ഷ നൽകാൻ നിർദേശിച്ചു. വനമേഖലയിൽനിന്ന് കിലോമീറ്ററുകൾ അകലെയുള്ള തിരുവഴിയാട് പുഴപ്പാലത്ത് പകൽ സമയത്ത് ഇതിനുമുമ്പും കാട്ടുപന്നി ആക്രമണം ഉണ്ടായിട്ടുണ്ട്.
തിരുവഴിയാട് നരസിംഹമൂർത്തി ക്ഷേത്രത്തിലെ പൂജാരിയെ രണ്ടുമാസം മുമ്പാണ് ഇതിനടുത്ത സ്ഥലത്ത് വെച്ച് കാട്ടുപന്നി ആക്രമിച്ചത്. പകൽ സമയത്ത് പോലും കാട്ടുപന്നികൾ അക്രമാസക്തരായി ജനജീവിതത്തിന് ഭീഷണി ഉയർത്തിയിട്ടും പ്രദേശത്തെ കാട്ടുപന്നികളെ വെടിവെച്ചു കൊല്ലാനുള്ള നടപടികൾ മുന്നോട്ടു പോകുന്നില്ലെന്ന് പ്രദേശവാസികൾ പരാതിപ്പെട്ടു.
ഇവിടെനിന്ന് അല്പം അകലെയുള്ള ഒലിപ്പാറയിലാണ് കഴിഞ്ഞവർഷം കാട്ടുപന്നി കുത്തി ടാപ്പിംഗ് തൊഴിലാളി മത്തായി മരിച്ചത്.