മഴമേഘങ്ങൾ കനിഞ്ഞതോടെ... രണ്ടാംവിളയുടെ തിരക്കിൽ കർഷകർ
1339356
Saturday, September 30, 2023 1:13 AM IST
ഷൊർണൂർ: കൃഷി ചെയ്യാൻ ആവശ്യത്തിനു വെള്ളമായി... ചളവറയിൽ ആയിരത്തിലധികം ഏക്കറിൽ രണ്ടാംവിള നെൽകൃഷിയുടെ ഞാറുനടീൽ തുടങ്ങി.
ഒരാഴ്ചയ്ക്കകം നടീൽ പൂർത്തിയാക്കാനുള്ള പ്രയത്നത്തിലാണു കർഷകർ. ഞാറ്റടി ഉണങ്ങി വരണ്ട ദുരവസ്ഥ ഉണ്ടായെങ്കിലും ഈ പ്രതിസന്ധികളെയെല്ലാം മറികടന്നാണ് പാടശേഖരങ്ങളിൽ ഇപ്പോൾ കൃഷിയിറക്കുന്നത്.
ചളവറ, കയിലിയാട്, മുണ്ടക്കോട്ടുകുർശ്ശി പാടശേഖരങ്ങളിലെ ഭൂരിഭാഗം സ്ഥലത്തും ഞാറുനടീൽ പൂർത്തിയായിട്ടുണ്ട്. ശേഷിച്ച പാടശേഖരങ്ങളിലാണ് ഇപ്പോൾ ഞാറു നടുന്നത്.
നടീൽ വേഗത്തിൽ പൂർത്തിയാക്കുന്നതിന് ഇതര സംസ്ഥാന തൊഴിലാളികളും കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നുണ്ട്. ചളവറ കൃഷിഭവനിൽ നിന്നുള്ള പൊന്മണി, ഐശ്വര്യ തുടങ്ങി മൂപ്പ് കൂടിയതും കുറഞ്ഞതുമായ നെൽവിത്തുകളാണ് കൃഷിക്ക് ഉപയോഗിച്ചിരിക്കുന്നത്.
ഒറ്റപ്പാലം താലൂക്കിൽ ഏറ്റവും കൂടുതൽ നെല്ല് ഉൽപാദിപ്പിക്കുന്ന ചളവറ പഞ്ചായത്തിൽ 10 വർഷത്തോളമായി ഒന്നാംവിള കൃഷി നാമമാത്രമാണ്.
കാഞ്ഞിരപ്പുഴ കനാൽ വെള്ളം വന്ന് ഞാറ്റടി തയാറാക്കാൻ കഴിയാത്ത സാഹചര്യവും കളശല്യവും മൂലം കൃഷി ആദായകരമല്ലാത്തതു കാരണം കർഷകർ ഒന്നാംവിളയിൽ നിന്നും പിൻവാങ്ങുകയായിരുന്നു.
മകരക്കൊയ്ത്തിനു കൂടുതൽ വിളവ് പ്രതീക്ഷിച്ചാണ് കർഷകർ ഇപ്പോൾ ഉത്സാഹപൂർവം രണ്ടാംവിളയിറക്കിയിരിക്കുന്നത്.
മഴ മാറി നിന്ന സാഹചര്യത്തിൽ ചളവറയിലെ പല കർഷകരും രണ്ടാംവിള കൃഷി ചെയ്യുന്നില്ലെന്നു തീരുമാനിച്ചിരുന്നുവെങ്കിലും മഴ പെയ്തതോടെ രംഗത്തു വരികയായിരുന്നു. ഇവർ ഞാറ്റടിക്കു പകരമായി ചേറ്റുവിതയാണ് നടത്തിയത്.
ഭാരതപ്പുഴയുടെയോ തൂതപ്പുഴയുടെയോ സാമീപ്യമില്ലാത്ത ചളവറയിൽ തുലാവർഷം ശക്തമായില്ലെങ്കിൽ കൃഷി അവതാളത്തിലാവും. പിന്നെയുള്ളത് കാഞ്ഞിരപ്പുഴ കനാൽ വെള്ളമാണ്.
മഴ പെയ്തില്ലെങ്കിൽ നവംബർ 15ന് കാഞ്ഞിരപ്പുഴ ഇടുതകര കനാൽ വഴി വെള്ളം തുറന്നുവിടാമെന്ന് അധികൃതർ ഉറപ്പു നൽകിയതായി കർഷകർ പറഞ്ഞു. എന്നാൽ മഴ ഇപ്പോൾ സജീവമാണ്. കൂടാതെ ജലാശയങ്ങളും ഇതിനകം നിറഞ്ഞു കഴിഞ്ഞു.