ചിറ്റൂരിൽ അമേച്വർ നാടകോത്സവത്തിന് തുടക്കമായി
1338843
Thursday, September 28, 2023 12:06 AM IST
ചിറ്റൂർ: സംഗീത നാടക അക്കാദമി ചിറ്റൂർ തത്തമംഗലം നഗരസഭയുമായി ചേർന്ന് സംഘടിപ്പിക്കുന്ന അമേച്വർ നാടകോത്സവം ആരംഭിച്ചു. നഗരസഭയോട് ചേർന്നുള്ള പി. ലീല സ്മൃതിമണ്ഡപത്തിൽ കെ.ബാബു എംഎൽഎ നാടകോത്സവം ഉദ്ഘാടനം ചെയ്തു. മുതിർന്ന നാടക പ്രവർത്തകനും അക്കാദമി മുൻ സെക്രട്ടറിയുമായ പ്രഫ.പി.ഗംഗാധരൻ മുഖ്യാതിഥിയായി.
ചിറ്റൂർ സ്വദേശികളും പ്രമുഖ നാടകപ്രവർത്തകരുമായ കാളിദാസ് പുതുമന, എം.എസ്.രഘു, എൻ. രവിശങ്കർ, ചലച്ചിത്ര സംവിധായകൻ ഫാറൂഖ് അബ്ദുൾ റഹ്മാൻ എന്നിവരെ ഉദ്ഘാടനസമ്മേളനത്തിൽ ആദരിച്ചു.
ഡോ. ഷിബു എസ്.കൊട്ടാരത്തിന്റെ സംവിധാനത്തിൽ വടകര കുരിക്കിലാട് ഫിനിക്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് അവതരിപ്പിച്ച ‘വിശ്വാസം അഥവാ വളഞ്ഞുപുളഞ്ഞ് ഒഴുകുന്ന നദി’ ആയിരുന്നു ആദ്യദിവസത്തെ നാടകം.
നാടകോത്സവത്തിന്റെ ഭാഗമായി നടന്ന പാലക്കാട്ടെ നാടകപ്രവർത്തകരുടേയും കലാസമിതി ഭാരവാഹികളുടേയും സംഗമം സംഗീത നാടക അക്കാദമി സെക്രട്ടറി കരിവെള്ളൂർ മുരളി ഉദ്ഘാടനം ചെയ്തു. ടി.ആർ. അജയൻ, പ്രഫ.പി.ഗംഗാധരൻ, കലാമണ്ഡലം കെ.ജി.വാസുദേവൻ, അപ്പുകുട്ടൻ സ്വരലയം, പെരിങ്ങോട് ചന്ദ്രൻ, അക്കാദമി അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ശുഭ പ്രസംഗിച്ചു.