പാലക്കാട് രൂപതയുടെ സിവിൽ സർവീസ് കോച്ചിംഗ് അഞ്ചാം വർഷത്തിലേക്ക്
1338839
Thursday, September 28, 2023 12:06 AM IST
പാലക്കാട്: രൂപതയുടെ സിവിൽ സർവീസ് പരിശീലന പരിപാടി വിജയകരമായി അഞ്ചാം വർഷത്തിലേക്ക്. 2023-2024 അധ്യയന വർഷത്തെ കോഴ്സ് 30ന് രാവിലെ 10 ന് അസിസ്റ്റന്റ് കളക്ടർ ഒ.വി. ആൽഫ്രെഡ് ഉദ്ഘാടനം ചെയ്യും. രൂപതാധ്യക്ഷൻ മാർ പീറ്റർ കൊച്ചുപുരയ്ക്കൽ ചടങ്ങിൽ അധ്യക്ഷത വഹിക്കും.
ഓണ്ലൈനായി സൂം പ്ലാറ്റ്ഫോമിൽ നടത്തപ്പെടുന്ന ഉദ്ഘാടന ചടങ്ങിൽ സ്കൂൾ, ഡിഗ്രി, പിജി തലം വരെയുള്ള വിദ്യാർഥികൾക്കും മാതാപിതാക്കൾക്കും വർക്കിംഗ് പ്രഫഷണലുകൾക്കും പങ്കെടുക്കാം.
ഉയർന്ന നിലവാരത്തിലുള്ള കോച്ചിംഗ് സെന്ററുകളുടെ അഭാവം, സാധാരണക്കാർക്കു താങ്ങാൻ കഴിയാത്ത പഠന ചെലവ്, സിവിൽ സർവീസ് പരീക്ഷയെക്കുറിച്ചുള്ള അജ്ഞത, സിവിൽ സർവീസ് കോച്ചിംഗിൽ പങ്കെടുത്താലുള്ള സാധ്യതകളെക്കുറിച്ചുള്ള അവ്യക്തത തുടങ്ങിയവ മൂലം ജില്ലയിൽ നിന്ന് ഈ മേഖലയിലേക്കു അധികം പേർക്കു കടന്നുവരാൻ കഴിഞ്ഞിട്ടില്ല.
ഈ അവസ്ഥയ്ക്കു മാറ്റം വരുത്താനാണ് പാലക്കാട് രൂപത സിവിൽ സർവീസ് കോച്ചിംഗ് രംഗത്തേക്കു കടന്നുവരുന്നത്. കേരള സർക്കാരിന്റെ അംഗീകാരം ലഭിച്ച പിഎസ്സി, യുപിഎസ്സി പഠനകേന്ദ്രമാണ് സ്റ്റാർസ് അക്കാദമി.
കേന്ദ്ര സർവകലാശാലകളിൽ അഡ്മിഷൻ നേടാൻ ആഗ്രഹിക്കുന്ന +2, യു.ജി വിദ്യാർഥികൾക്ക് പ്രവേശന പരീക്ഷയ്ക്ക് തയ്യാറെടുക്കാനും അഡ്മിഷൻ നേടാനും ഈ കോച്ചിംഗിലൂടെ സാധിക്കും.
പിഎസ്സി, യുപിഎസ്സി, ബാങ്കിംഗ് സർവീസ് റിക്രൂട്ട്മെന്റ് ബോർഡ്, റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ്, സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ മുതലായ ഏജൻസികളാൽ നടത്തപ്പെടുന്ന മത്സര പരീക്ഷകളിൽ മികച്ച വിജയം കരസ്ഥമാക്കുവാൻ ഉദ്യോഗാർഥികളെ പ്രാപ്തരാക്കും വിധമുള്ള പരിശീലനം നഗര ഗ്രാമ വ്യത്യാസമെന്യേ, ചുരുങ്ങിയ ചെലവിൽ ഏവർക്കും പ്രദാനം ചെയ്യുക എന്നതാണ് പാലക്കാട് രൂപത ലക്ഷ്യമിടുന്നത്.
കൂടുതൽ വിവരങ്ങൾക്കും രജിസ്റ്റർ ചെയ്യുന്നതിനുമായി 6282839738, 8075710645, 9747963765 എന്നീ നന്പറുകളിൽ ബന്ധപ്പെടണം.