ചിറ്റൂർ നാടകോത്സവത്തിന് ഇന്ന് തുടക്കം
1338624
Wednesday, September 27, 2023 1:40 AM IST
ചിറ്റൂർ: കേരള സംഗീത നാടക അക്കാദമി ചിറ്റൂർ- തത്തമംഗലം നഗരസഭയുമായി ചേർന്ന് സംഘടിപ്പിക്കുന്ന അമേച്വർ നാടകോത്സവത്തിന് ഇന്ന് തുടക്കംകുറിക്കും.
നഗരസഭയോട് ചേർന്നുള്ള പി.ലീല സ്മൃതിമണ്ഡപത്തിൽ കെ.ബാബു എംഎൽഎ നാടകോത്സവം ഉദ്ഘാടനം ചെയ്യും. കെ.ശാന്തകുമാരി എംഎൽഎ, പ്രഫ.പി. ഗംഗാധരൻ എന്നിവർ അതിഥികളാവും. ചിറ്റൂർ സ്വദേശികളും പ്രമുഖ നാടകപ്രവർത്തകരുമായ കാളിദാസ് പുതുമന, എം.എസ്. രഘു, എൻ.രവിശങ്കർ, ചലച്ചിത്ര സംവിധായകൻ ഫാറൂഖ് അബ്ദുൾ റഹ്മാൻ എന്നിവർ ഉദ്ഘാടനസമ്മേളനത്തിൽ പങ്കെടുക്കും.
ഡോ.ഷിബു എസ്.കൊട്ടാരത്തിന്റെ സംവിധാനത്തിൽ വടകര കുരിക്കിലാട് ഫിനിക്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് അവതരിപ്പിക്കുന്ന ‘വിശ്വാസം അഥവാ വളഞ്ഞുപുളഞ്ഞ് ഒഴുകുന്ന നദി ‘ആണ് ആദ്യദിവസത്തെ നാടകം.
പ്രവേശനം സൗജന്യമാണ്. നാടകോത്സവത്തിന്റെ അനുബന്ധപരിപാടികളുടെ ഭാഗമായി ഇന്നലെ വൈകുന്നേരം കിഴക്കൻ പാലക്കാടിന്റെ തനത് കലാരൂപമായ ആര്യമാലനാടകം തത്തമംഗലം ബസ് സ്റ്റാൻഡ് പരിസരത്ത് അരങ്ങേറി.
രാജകുമാരിയായ ആര്യമാലയെ കാർത്തവരായൻ വിവാഹം കഴിക്കുന്ന ഇതിവൃത്തമുള്ള നാടകം വർണശബളിമയുള്ള വേഷവിധാനങ്ങളാലും തമിഴ് വേരുകളുള്ള സംഗീത നൃത്തശൈലികളാലും കാണികൾക്ക് ആവേശമായി.