മോഷ്ടാവുമായി തെളിവെടുപ്പ് നടത്തി
1337091
Thursday, September 21, 2023 12:52 AM IST
തൃത്താല: തൃത്താലയിലും ആനക്കരയിലും തുടര്‍മോഷണങ്ങള്‍ നടത്തി നാട്ടുകാരെ ഭീതിയിലാഴ്ത്തിയ മോഷ്ടാവുമായി തൃത്താല പോലീസ് ഇന്നലെ തെളിവെടുപ്പ് നടത്തി.
കണ്ണൂര്‍ ഇരിക്കൂര്‍ പട്ടുവം സ്വദേശി ദാറുഫലയില് ഇസ്മായിലുമായാണ് (31) മോഷണം നടത്തിയ വീടുകളിലെത്തിച്ചു തെളിവെടുപ്പ് നടത്തിയത്.
മോഷണം നടത്തി സ്വര്‍ണം വിറ്റുകിട്ടുന്ന പണം ആഡംബര ജീവിതത്തിന് വേണ്ടിയാണ് ഉപയോഗിക്കുന്നതെന്ന് പ്രതി സമ്മതിച്ചു. തൃത്താല മേഖലകളില്‍ മാത്രമല്ല സംസ്ഥാനത്ത് വിവിധയിടങ്ങളിലും പ്രതി മോഷണം നടത്തിയതായി സമ്മതിച്ചിട്ടുണ്ട്്.
ആനക്കരയില്‍ വീട് കുത്തിത്തുറന്ന് മോഷണം നടത്തുന്നതിനിടെ സിസി ടിവി കാമറയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ കണ്ടെത്തിയത്.
ദൃശ്യങ്ങളില്‍ നിന്ന് പ്രതിയെ തിരിച്ചറിഞ്ഞ അന്വേഷണ സംഘം ഇയാളെ നിരീക്ഷിച്ചുവരികയായിരുന്നു.
മറ്റൊരു മോഷണകേസില്‍ കോടതി നിര്‍ദ്ദേശപ്രകാരം കൊല്ലം ജില്ലയിലെ പുനലൂര്‍ സ്റ്റേഷനില്‍ ഇസ്മായില്‍ ഒപ്പുവക്കാനായി വരുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് സ്ഥലത്തെത്തി തന്ത്രപരമായി ഇയാളെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.
ആനക്കരയിലും കണ്ണനൂരിലും വീടുകളില്‍ മോഷണം നടത്തിയതും ഞാങ്ങാട്ടിരിയില്‍ സ്ത്രീയുടെ മാലപൊട്ടിച്ചതുമടക്കമുള്ള അഞ്ചോളം മോഷണങ്ങളും പിടിച്ചുപറിയും നടത്തിയത് ഇയാളാണെന്ന് ചോദ്യംചെയ്യലില്‍ സമ്മതിച്ചതായി തൃത്താല എസ്ഐ കെ.എം. ഷാജി അറിയിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിരവധി മോഷണക്കേസുകളില്‍ പ്രതിയായ ഇയാള്‍ തൃശൂര്‍ ജില്ലയിലെ ചാവക്കാട്ടാണ് താമസിക്കുന്നത്.
തൃത്താല ഇന്‍സ്പെക്ടര്‍ സി. വിജയകുമാര്‍, എസ് ഐ കെ.എം. ഷാജി, ഷൊര്‍ണൂര്‍ ഡിവൈഎസ്പി യുടെ സ്ക്വാഡ് അംഗങ്ങളായ ജിഎസ്ഐ ജോളി, സിപിഒമാരായ അബ്ദുല്‍ റഷീദ്, ഷംസീര്‍, സജിത്ത് എന്നിവരടങ്ങിയ സംഘമാണ് കഴിഞ്ഞ ദിവസം വൈകീട്ട് ഇസ്മായിലിനെ അറസ്റ്റുചെയ്തത്. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.